എഐ സാമ്പത്തിക തട്ടിപ്പ്: 12000 വ്യാജ സൈറ്റുകൾ പൂട്ടിച്ച് ഓസ്‌ട്രേലിയ

മെൽബൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ആഗോളതലത്തിൽ വർധിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം പന്ത്രണ്ടായിരത്തിലധികം വ്യാജ നിക്ഷേപ-ഫിഷിങ് വെബ്‌സൈറ്റുകളാണ് കമ്മീഷൻ നീക്കം ചെയ്തത്.
നിക്ഷേപകരെ കബളിപ്പിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രമുഖ സ്ഥാപനങ്ങളുടേതിന് സമാനമായ വെബ്‌സൈറ്റുകൾ നിർമ്മിക്കുന്നതാണ് പുതിയ രീതി. ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കൃത്യതയോടെയാണ് ഇത്തരം സൈറ്റുകളുടെ നിർമ്മാണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിക്ഷേപ പോർട്ടലുകളെ അനുകരിച്ച് എഐ സഹായത്തോടെ വ്യാജ യുആർഎല്ലുകളും (URLs) ഉള്ളടക്കവും സൃഷ്ടിക്കുന്നു.
ഉപഭോക്താക്കളുടെ പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, മറ്റ് വ്യക്തിഗത രേഖകൾ എന്നിവ കൈക്കലാക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. അപരിചിതമായ ലിങ്കുകളിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകൾ മാത്രം ഉപയോഗിക്കണമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ ഇത്തരം തട്ടിപ്പുകൾ തടയാൻ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും ഓസ്‌ട്രേലിയൻ അധികൃതർ വ്യക്തമാക്കി.



