വെടിയുണ്ടകൾക്ക് മുന്നിൽ പതറാതെ ഇന്ത്യക്കാരൻ രക്ഷിച്ചത് 20 ജീവനുകൾ; ചേർത്തുപിടിച്ച് ഓസ്ട്രേലിയ

സിഡ്നി: ബോണ്ടയ് ബീച്ചിൽ ഭീകരാക്രമണത്തിനിടെ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഇന്ത്യക്കാരന് സ്ഥിരതാമസം (Permanent Residency) അനുവദിച്ച് ഓസ്ട്രേലിയൻ സർക്കാർ. ഹൈദരാബാദ് സ്വദേശിയും ടാക്‌സി ഡ്രൈവറുമായ റഹ്മത് പാഷയ്ക്കാണ് സർക്കാർ സ്ഥിരതാമസം അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ധീരതയ്ക്കുള്ള അംഗീകാരമായാണ് ഈ തീരുമാനം.

2025 ഡിസംബർ 14-നാണ് ബോണ്ടി ബീച്ചിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരാക്രമണം നടത്തിയത്. 37കാരനായ റഹ്മത് പാഷ ആക്രമണം നടക്കുന്നതിനിടെ സ്വന്തം ജീവൻ പോലും പണയം വച്ച് പരുക്കേറ്റവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ആംബുലൻസുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുകയും ചെയ്തു. അടിയന്തര സേവനങ്ങൾ എത്തുന്നതിന് മുൻപ് ഭയന്നും പരിഭ്രാന്തരായും നിന്നവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു. ധീരമായ ഇടപെടലിലൂടെ 18 മുതൽ 20 വരെ ആളുകളുടെ ജീവൻ റഹ്മത് പാഷ രക്ഷിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആക്രമണത്തിന്റെ മാനസിക ആഘാതം ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ധീരതയെ ഓസ്‌ട്രേലിയൻ സമൂഹം വലിയ ആദരവോടെയാണ് കാണുന്നത്. ഭാര്യയ്ക്കും മൂന്ന് മക്കൾക്കും സ്ഥിരതാമസത്തിനായുള്ള അപേക്ഷകളും പരിഗണനയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനത്തിനിടെ ധരിച്ചിരുന്ന തൊപ്പി സിഡ്‌നിയിലെ മ്യൂസിയത്തിൽ സംരക്ഷിച്ച് പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ നിരവധി ധീരതാ പുരസ്കാരങ്ങൾക്കായും അദ്ദേഹത്തെ നാമനിർദേശം ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇന്നും മനസിൽ മായുന്നില്ല. പക്ഷേ നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയാണ്’, എന്ന് റഹ്മത് പാഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Articles

Back to top button