സിഡ്നിയിൽ കനത്ത മഴയും ഇടിമിന്നലും വ്യാപകമായ വെള്ളപ്പൊക്കവും

സിഡ്നി: ഇന്ന് പുലർച്ചെയോടെ സിഡ്നിയിലും പരിസര പ്രദേശങ്ങളിലുമായി ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തതിനെ തുടർന്ന് വ്യാപകമായ വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി.
ലിവർപൂളിൽ 68 മില്ലീമീറ്റർ മഴ രേഖപ്പെടുത്തിയപ്പോൾ, പീഖർസ്റ്റിൽ ഒരു മണിക്കൂറിനുള്ളിൽ 44 മില്ലീമീറ്റർ മഴ ലഭിച്ചു. ശക്തമായ മഴയെ തുടർന്ന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് എമർജൻസി സർവീസ് (എസ്.ഇ.എസ്.) രക്ഷാപ്രവർത്തനങ്ങൾ നടത്തി.
നോർത്തേൺ ബീച്ചസിലെ നാരബീൻ ലഗൂൺ പരിസരങ്ങളിൽ വെള്ളം കയറുന്ന സാഹചര്യം രൂക്ഷമായതോടെ ചില പ്രദേശങ്ങളിൽ വാസികൾ ഒഴിപ്പിക്കപ്പെട്ടു. ഗ്രേറ്റ് മാക്കറൽ ബീച്ചിൽ മണ്ണിടിച്ചിൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
വെള്ളപ്പൊക്കത്തെ തുടർന്ന് ഹോൺസ്‌ബി–ഗോസ്ഫോർഡ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ബസ് സർവീസ് ഏർപ്പെടുത്തി. വേക്ക്‌ഹർസ്റ്റ് പാർക്‌വേ, ബോട്ടണി റോഡ് (സെറ്റ്‌ലൻഡ്) തുടങ്ങിയ പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.
വെള്ളം കയറിയ റോഡുകളിലൂടെ യാത്ര ചെയ്യരുതെന്നും അത്യാവശ്യക്കാരല്ലാത്തവർ യാത്ര ഒഴിവാക്കണമെന്നും എസ്.ഇ.എസ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



