മലയാളിക്ക് ഓസ്‌ട്രേലിയയിലെ പരമോന്നത സിവിൽ എൻജിനീയറിങ് ബഹുമതി

സിഡ്നി: സിവിൽ എൻജിനീയറിങ് രംഗത്ത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നായ ‘സർ ജോൺ ഹോളണ്ട് സിവിൽ എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം കൊല്ലം പരവൂർ സ്വദേശിയും പ്രമുഖ സിവിൽ, എൻവയൺമെന്റൽ എൻജിനീയറുമായ ഡോ. രാജേന്ദ്ര കുറുപ്പിന്. ഓസ്‌ട്രേലിയയിലെ എൻജിനീയേഴ്‌സ് ഓസ്‌ട്രേലിയയാണ് ഈ പുരസ്കാരം നൽകുന്നത്.

മികച്ച നേതൃത്വം, നൂതനമായ പ്രവർത്തനങ്ങൾ, സമൂഹത്തിനും എൻജിനീയറിങ് മേഖലയ്ക്കും നൽകിയ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് ഈ ദേശീയ പുരസ്കാരം. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഗവേഷണ, കൺസൾട്ടിങ്, നേതൃത്വ രംഗങ്ങളിലെ അദ്ദേഹത്തിന്റെ മികവ് പുരസ്കാര സമിതി പ്രത്യേകമായി എടുത്തു പറഞ്ഞു.

നദീതീര സംരക്ഷണം, പരിസ്ഥിതി ഗുണനിലവാരം, സുസ്ഥിര എൻജിനീയറിങ് എന്നിവയിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഈ അവാർഡിന് അർഹനാക്കി. യുവ എൻജിനീയർമാർക്ക് നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ, വിസിറ്റിങ് പ്രഫസർ പദവി, ഗവേഷണ മേൽനോട്ടം എന്നിവയും പുരസ്കാരത്തിന് പരിഗണിച്ചു.

ശുദ്ധജലം മുതൽ കാലാവസ്ഥാ വ്യതിയാനം വരെയുള്ള മനുഷ്യരാശിയുടെ ഏറ്റവും നിർണായക വെല്ലുവിളികളുമായി എൻജിനീയറിങ്ങുമായി ബന്ധിപ്പിക്കുന്നു’ എന്ന് വിശേഷിപ്പിക്കുന്നു.

‘സർ ജോൺ ഹോളണ്ട് സിവിൽ എൻജിനീയർ ഓഫ് ദി ഇയർ’ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ഡോ. രാജേന്ദ്ര കുറുപ്പ്.

“ഈ അംഗീകാരം എനിക്ക് മാത്രമല്ല, എന്നെ നയിച്ച എന്റെ അധ്യാപകർക്കും ഉപദേഷ്ടാക്കൾക്കും ഒപ്പം പ്രവർത്തിച്ച സഹപ്രവർത്തകർക്കും വിദ്യാർഥികൾക്കും വ്യവസായ പങ്കാളികൾക്കും അവകാശപ്പെട്ടതാണ്. എൻജിനീയറിങ്ങിലൂടെ സമൂഹത്തെ സേവിക്കുന്നത് തുടരാൻ ലഭിച്ച അവസരത്തിന് ഞാൻ നന്ദിയുള്ളവനാണ്.” അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ. കുറുപ്പ് പറഞ്ഞു.

കൊല്ലം പരവൂരിലെ ഗംഗാധരൻ പിള്ളയുടെയും തങ്കമ്മ അമ്മയുടെയും മകനാണ് ഡോ. രാജേന്ദ്ര കുറുപ്പ്. പത്താം ക്ലാസ് വരെ സർക്കാർ സ്കൂളുകളിൽ പഠിച്ച അദ്ദേഹം, ഫാത്തിമ മാതാ നാഷനൽ കോളജിൽ നിന്ന് പ്രീ-ഡിഗ്രിയും തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്കും പൂർത്തിയാക്കി.

ടാറ്റ എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (TERI) ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, നെതർലൻഡ്‌സിൽ നിന്ന് പൂർണ്ണ സ്കോളർഷിപ്പോടെ ബിരുദാനന്തര ബിരുദം നേടി. പിന്നീട് വെസ്റ്റേൺ ഓസ്‌ട്രേലിയ യൂണിവേഴ്സിറ്റിയിൽ (UWA) ഗവേഷണ സ്കോളർഷിപ് ലഭിച്ച അദ്ദേഹം പെർത്തിൽ സ്ഥിരതാമസമാക്കി.

നിലവിൽ പെർത്തിലെ എൻവയോൺമെന്റൽ എൻജിനീയേഴ്‌സ് ഇന്റർനാഷനലിന്റെ (EEI) സ്ഥാപകനും സിഇഒയുമാണ് ഡോ. കുറുപ്പ്. വ്യാവസായിക മലിനജല സംസ്കരണം, വിഭവ പുനരുപയോഗം, പരിസ്ഥിതി നയം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദ്ദേഹം കാർബൺ ഫൂട്ട്പ്രിന്റ് കുറയ്ക്കുന്നതിലും മാലിന്യ സംസ്കരണത്തിലും സജീവമായി പ്രവർത്തിക്കുന്നു.

Related Articles

Back to top button