വിദേശ വിദ്യാർഥികളെ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഓസ്ട്രേലിയ

കാൻബറ: 2026 ൽ വിദേശ വിദ്യാർഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആയി ഉയർത്താൻ ഓസ്ട്രേലിയ. രാജ്യം പ്രധാനമായും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി അന്റോണി ആൽബനീസ് സർക്കാർ പ്രഖ്യാപിച്ചു. അമേരിക്ക വിദേശ വിദ്യാർഥികൾക്ക് വീസ നിയന്ത്രണങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് ഓസ്ട്രേലിയയുടെ ഈ പുതിയ നയം എന്നത് ശ്രദ്ധേയം.
2023 സാമ്പത്തിക വർഷത്തിൽ ഓസ്ട്രേലിയ ഏകദേശം 600,000 വിദ്യാർഥി വീസകൾ അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി കർശനമായ കുടിയേറ്റ നയങ്ങളാണ് രാജ്യം പിന്തുടരുന്നത്. പുതിയ നീക്കത്തിലൂടെ 2024-ൽ നിശ്ചയിച്ച 2,70,000 എന്ന പരിധിയും മാറും.
ഇന്ത്യക്കാർക്ക് നേട്ടം
നിലവിൽ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് വിദ്യാർഥികൾ പ്രധാനമായും ഓസ്ട്രേലിയയിൽ എത്തുന്നത്. എന്നാൽ ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വിദേശ നയത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാൻ രാജ്യം തന്ത്രപരമായി ശ്രമിക്കുകയാണ്. ഈ നീക്കത്തിൽ ഇന്ത്യക്ക് പ്രയോജനം ലഭിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
‘വിദ്യാർഥികൾ, സർവകലാശാലകൾ, രാജ്യത്തിന്റെ താൽപര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിൽ രാജ്യാന്തര വിദ്യാഭ്യാസം വളരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,’ ഓസ്ട്രേലിയയുടെ വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ പറഞ്ഞു.
പുതിയ വിദ്യാർഥികളിൽ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ സർവകലാശാലകൾക്കും, ബാക്കി തൊഴിലധിഷ്ഠിത പരിശീലന മേഖലകൾക്കും അനുവദിക്കും. വലിയ പൊതു സർവകലാശാലകൾക്ക് ഉയർന്ന ക്വാട്ട ലഭിക്കുന്നതിന് വിദ്യാർഥികൾക്കുള്ള താമസ സൗകര്യം ഉറപ്പാക്കുകയും തെക്കുകിഴക്കൻ ഏഷ്യൻ എൻറോൾമെന്റുകൾ വർധിപ്പിക്കുകയും വേണം.
രാജ്യാന്തര വിദ്യാഭ്യാസ മേഖല ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയിലേക്ക് വലിയ സംഭാവന നൽകുന്നുണ്ട്. 2024-ൽ ഇത് 51 ബില്യൻ ഓസ്ട്രേലിയൻ ഡോളറിന് മുകളിൽ (ഏകദേശം 33 ബില്യൻ ഡോളർ) വരുമാനം നേടിയതായാണ് റിപ്പോർട്ട്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദേശ വിദ്യാർഥികളുടെ വീസ പ്രോഗ്രാമിൽ വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നുണ്ട്. ചില സർവകലാശാലകൾക്ക് പുതിയ വീസകൾ നൽകുന്നത് നിർത്തിവയ്ക്കുകയും, അപേക്ഷകരുടെ സമൂഹമാധ്യമം നിരീക്ഷിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ 2025-ന്റെ തുടക്കത്തിൽ തന്നെ യുഎസ് നടപ്പിലാക്കി.
വിദേശ വിദ്യാർഥികളുടെ വരവിനെ സുരക്ഷാ പ്രശ്നമായും രാഷ്ട്രീയമായും വീക്ഷിക്കുന്നതിന്റെ സൂചനകളാണ് ഈ നടപടികളെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിലവിലെ സാഹചര്യങ്ങൾക്കിടയിലാണ് ഓസ്ട്രേലിയയുടെ ആശ്വാസകരമായ നീക്കം.



