വിക്ടോറിയ രാജ്യാന്തര വിദ്യാർത്ഥികളെ തിരിച്ചെത്തിക്കും

രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷമവസാനം വിക്ടോറിയയിലേക്ക് തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിക്ടോറിയൻ സർക്കാർ അറിയിച്ചു.

ആദ്യം ഓരോ ആഴ്ചയും 120 വിദ്യാർത്ഥികളെ വീതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള പദ്ധതിയാണ് വിക്ടോറിയ മുന്നോട്ട് വക്കുന്നത്. 

ഹോട്ടൽ ക്വാറന്റൈൻ പദ്ധതിക്കായി സർവകലാശാലകൾ 5,000 ഡോളർ ഒരു വിദ്യാർത്ഥിക്കായി  ചിലവിടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫെഡറൽ സർക്കാരിന്റെ അനുമതിക്ക് ശേഷമായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.

ഫെഡറൽ വിദ്യാഭ്യാസ മന്ത്രി അലൻ ടഡ്‌ജിന്റെ പരിഗണനയിലാണ് വിക്ടോറിയൻ സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന പദ്ധതി.

വിക്ടോറിയയിൽ റെക്കോർഡ് പ്രതിദിന രോഗബാധ  

വിക്ടോറിയയിൽ വീണ്ടും റെക്കോർഡ് പ്രതിദിന രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 1,838 പ്രാദേശിക രോഗബാധയും അഞ്ച് കൊവിഡ് മരണങ്ങളുമാണ് സ്ഥിരീകരിച്ചത്.

ഓസ്‌ട്രേലിയയിൽ മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ഒരു പ്രദേശത്ത് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധയാണിത്.

ഇതോടെ നിലവിലെ രോഗബാധയിൽ സംസ്ഥാനത്ത് മരിച്ചവരുടെ സംഖ്യ 75 ലേക്ക് ഉയർന്നു.

ആംബുലൻസ് വിക്ടോറിയയുടെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ അഞ്ച് ദിവസങ്ങളാണ് കടന്ന് പോയതെന്ന് ആംബുലൻസ് വിക്ടോറിയ അധികൃതർ ചൂണ്ടിക്കാട്ടി.

കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആംബുലൻസ് വിക്ടോറിയ അടുത്തയാഴ്ച മുതൽ പുതിയ നടപടികൾ സ്വീകരിക്കും.

ഒരു ആംബുലൻസിൽ പതിവായുള്ള രണ്ട് പാരാമെഡിക് ഉദ്യോഗസ്ഥർക്ക് പകരം ഒരു പാരാമെഡിക് മാത്രമാകും ഉണ്ടാവുക എന്ന് ആംബുലൻസ് വിക്ടോറിയ അറിയിച്ചു.

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ പുതിയ 646 പ്രാദേശിക രോഗബാധയും 11 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

ഇതോടെ സംസ്ഥാനത്ത് നിലവിലെ രോഗബാധയിൽ 414 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസ് ആശുപത്രികളിൽ 856 പേർ ചികിത്സ തേടുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇതിൽ 170 പേർ തീവൃപരിചരണ വിഭാഗത്തിലാണ്.

ക്വീൻസ്ലാൻറ്

ക്വീൻസ്ലാന്റിൽ പുതിയ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

തെക്ക് കിഴക്കൻ ക്വീൻസ്ലാന്റിലും ടൗൺവില്ലിലും  മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ഇന്ന് (വെള്ളിയാഴ്ച) വൈകിട്ട് നാല് മണി മുതൽ പ്രാബല്യത്തിൽ വരുമെന്ന് ക്വീൻസ്ലാൻറ് സർക്കാർ അറിയിച്ചു.  Brisbane, Logan, Gold Coast, Moreton Bay, Townsville (including Magnetic Island), Palm Island എന്നീ മേഖലകളാണ് ഇതിൽ ഉൾപ്പെടുന്നത്. 

ഇതോടെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള നിയന്ത്രണങ്ങൾക്ക് സമാനമായ നിയന്ത്രണങ്ങളാകും ഇവിടെയും ബാധകം.

സൗത്ത് ഓസ്‌ട്രേലിയ, ACT

സൗത്ത് ഓസ്‌ട്രേലിയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിലും ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ബാധകമാകും. അധികമായി ചില നിയന്ത്രങ്ങൾ ഇവിടെയുണ്ടകുമെന്നും അധികൃതർ അറിയിച്ചു.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 40 പുതിയ രോഗബാധ സ്ഥിരീകരിച്ചു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button