രാജ്യാന്തര വിദ്യാർത്ഥികൾക്ക് ഈ വർഷം പ്രവേശനം അനുവദിക്കില്ലെന്ന് വിക്ടോറിയ
വിക്ടോറിയറിയയിലേക്ക് ഈ വര്ഷം രാജ്യാന്തര വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ സാധിച്ചേക്കില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കി.
ഇതേതുടർന്ന് ഫെഡറൽ സർക്കാരിന് നിവേദനം സമർപ്പിച്ചിരിക്കുകയാണ് പതിനായിരത്തിലേറെ രാജ്യാന്തര വിദ്യാർത്ഥികൾ.
കൊവിഡ് പ്രതിസന്ധി രൂക്ഷമായ മാർച്ചിൽ ഓസ്ട്രേലിയ രാജ്യാന്തര അതിർത്തി അടച്ചതോടെ നിരവധി വിദ്യാർത്ഥികൾക്കാണ് രാജ്യത്തേക്കെത്താൻ കഴിയാത്തത്.
വൈറസ് ബാധ കൂടിയപ്പോൾ കുറഞ്ഞത് 56,824 രാജ്യാന്തര വിദ്യാർത്ഥികളാണ് വിക്ടോറിയയിൽ നിന്ന് തിരികെ മടങ്ങിയത് എന്നാണ് എഡ്യൂക്കേഷൻ, സ്‌കിൽസ് ആൻഡ് എംപ്ലോയ്‌മെന്റ് വിഭാഗത്തിന്റെ കണക്കുകൾ.
ഇവർക്ക് എന്ന് തിരികെ എത്താൻ കഴിയുമെന്ന ആശങ്ക നിലനിൽക്കെയാണ് വിക്ടോറിയയിലേക്ക് ഈ വർഷം കൂടുതൽ വിദ്യാർത്ഥികളെ അനുവദിക്കാൻ കഴിയില്ലെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചത്.
ഈ വർഷം 20,000 അഥവാ 30,000 രാജ്യാന്തര വിദ്യാർത്ഥികൾ വിക്ടോറിയയയിലേക്ക് തിരിച്ചെത്തുന്നത് സാധ്യമാകുമെന്ന് കരുതുന്നില്ലെന്നാണ് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് വ്യക്തമാക്കിയത്.
ഇതേതുടർന്ന് നിലവിലെ യാത്രാ വിലക്കുകളിൽ നിന്ന് ഒഴിവാക്കി വിദേശത്ത് നിന്ന് തിരികെ എത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് 13,000 ലേറെ വിദ്യാർഥികൾ ഫെഡറൽ സർക്കാരിന് നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.
ഡാനിയേൽ ആൻഡ്രൂസിന്റെ പ്രസ്താവനയിൽ ആശങ്കയറിയിച്ച് ഇന്റർനാഷണൽ എഡ്യൂക്കേഷൻ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയ ചീഫ് എക്സിക്യൂട്ടീവ് ഫിൽ ഹണി വുഡ് ട്വീറ്റ് ചെയ്തിരുന്നു.
കൊറോണാബാധ രൂക്ഷമായ സമയത്ത് ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയ 164,000 നടുത്ത് രാജ്യാന്തര വിദ്യാർത്ഥികളാണ് തിരിച്ചെത്താൻ കഴയാതെ വിദേശത്തുള്ളത്. ഇതിൽ 12,740 പേർ ഇന്ത്യയിൽ നിന്നാണ്.
സിഡ്‌നിയിലേക്ക് ഓരോ ആഴ്ചയിലും 1,000 വിദ്യാർത്ഥികൾക്ക് വീതം പ്രവേശനം നൽകുമെന്ന് ന്യൂ സൗത്ത് വെയിൽ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ സംസ്ഥാനത്ത് വീണ്ടും രോഗബാധ പൊട്ടിപ്പുറപ്പെട്ടതോടെ ഈ പദ്ധതി ഉപേക്ഷിക്കുന്നതായി പ്രീമിയർ ഗ്ലാഡിസ് ബെറാജ്കളിയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിക്‌ടോറിയയുടെയും തീരുമാനം.
ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ നല്കിത്തുടങ്ങിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാൻ ഓസ്ട്രേലിയ തയ്യാറാവണമെന്നാണ് പല വിദ്യാർത്ഥികളും അഭിപ്രായപ്പെടുന്നത്.
കടപ്പാട്: SBS മലയാളം