ഭാര്യയെ കൊലപ്പെടുത്തി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് ഭർത്താവ്; ഒരു വർഷം പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പൊലീസ്

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനി എന്ന ശ്വേതയുടെ (36) മൃതദേഹം വേസ്റ്റ് ബിന്നിൽ കണ്ടെത്തിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും, നീതിക്കായി കാത്തിരിക്കുകയാണ് കുടുംബം. പോയിന്റ് കുക്കിൽ ഭർത്താവിനും മകനുമൊപ്പം താമസിച്ചിരുന്ന ചൈതന്യയുടെ മൃതദേഹം കഴിഞ്ഞ വർഷം ജീലോങ്ങിന് സമീപമുള്ള മൺപാതയിലെ വേസ്റ്റ് ബിന്നിൽ നിന്നാണ് കണ്ടെത്തിയത്.
മരണശേഷം അധികം വൈകാതെ ഭർത്താവ് അശോക് രാജ് വരിക്കുപ്പാല ഇന്ത്യയിലേക്ക് തിരിച്ചുപോയിരുന്നു. ‘‘ വരിക്കുപ്പാല വീട്ടിലെത്തി മകളുമായി വഴക്കിനിടെ സംഭവിച്ച തെറ്റാണെന്ന് സമ്മതിച്ചു. എത്തിയ ഉടൻ തന്നെ, അവർ തമ്മിലുണ്ടായ വഴക്കിനിടെ എന്റെ മകൾ അബദ്ധത്തിൽ മരിച്ചുവെന്ന് അവൻ പറഞ്ഞു. അതിനുശേഷം അവൻ പരിഭ്രാന്തനായി മകനെയും കൂട്ടി ഇന്ത്യയിലേക്ക് വന്നുവെന്നും കുറ്റം സമ്മതിച്ച് മകനെ ഞങ്ങളെ ഏൽപ്പിച്ച് ശേഷം ക്ഷമ ചോദിച്ചു’’– ചൈതന്യയുടെ പിതാവ് ബൽഷെട്ടി മദഗനി പറഞ്ഞു.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ, വിക്ടോറിയ പൊലീസ് ചൈതന്യയുടെ ഭർത്താവിനെ സംശയിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതി ഇപ്പോഴും ഇന്ത്യയിലാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും അദ്ദേഹവുമായി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ചൈതന്യ അഷ്ബറി കൺസൾട്ടൻസിയിൽ ഫുഡ് സേഫ്റ്റി റെഗുലേഷൻ വിദഗ്ധയായിരുന്നു. സഹാനുഭൂതിയുള്ള കൂട്ടുകാരിയെന്നാണ് അഷ്ബറിയുടെ മാനേജിങ് ഡയറക്ടർ ജെയിംസ് പോസ്റ്റ് ചൈതന്യയെ അനുസ്മരിക്കുന്നത്.
ചൈതന്യയ്ക്ക് സംഭവിച്ചത്?
ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ താമസിച്ചിരുന്ന ഹൈദരാബാദ് സ്വദേശിനി ചൈതന്യ മദഗനിയെ (36) ഭർത്താവ് അശോക് രാജ് വരിക്കുപ്പാലയാണ് കൊലപ്പെടുത്തിയത്. മൃതദേഹം വീടിനു സമീപത്തെ റോഡിലുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിച്ച ശേഷം കൊലയാളി മകനുമായി നാട്ടിലേക്ക് മടങ്ങി. കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപിച്ചു. ചൈതന്യയെ കൊലപ്പെടുത്തിയ വിവരം ഇയാൾ ചൈതന്യയുടെ വീട്ടുകാരെ അറിയിച്ചു.
പിന്നീട് സ്ഥലം എംഎൽഎയെ ചൈതന്യയുടെ മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചു. പിന്നീട് എംഎൽഎ ഇടപെട്ടതോടെയാണ് കൊലപാതക വിവരം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ വർഷം മാർച്ചിലാണ് കൃത്യം നടത്തിയത്. ഒരു വർഷം കഴിഞ്ഞിട്ടും പ്രതിയെ ഇപ്പോഴും പിടികൂടാൻ സാധിക്കാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.



