വസ്ത്രധാരണം മോശമെന്ന്‌; യുവതിയെ വിമാനത്തില്‍ കയറ്റാതെ ജീവനക്കാര്‍

March 14, 2019

ലണ്ടൻ: ‘പ്രകോപനപരമായ’ വസ്ത്രം ധരിച്ച് യാത്ര ചെയ്യാനെത്തിയെന്ന പേരിൽ യുവതിയെ വിമാനത്തിൽ കയറ്റില്ലെന്നു വാശിപിടിച്ച് എയർലൈൻ ജീവനക്കാർ. മാർച്ച് 2ന് യുകെയിലെ ബിർമിങ്ഹാമിൽനിന്ന് കാനറി ദ്വീപിലേക്കു പോകാൻ വിമാനത്തിൽ കയറിയ എമിലി ഒ’കോണർക്കാണ് തോമസ് കുക്ക് എയർലൈൻസ് ജീവനക്കാരിൽനിന്ന് ദുരനുഭവമുണ്ടായത്.

എമിലി ധരിച്ചതാകട്ടെ, സ്പെഗറ്റി സ്ട്രാപ്പുള്ള ക്രോപ്പ്ഡ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്സും. ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തിയെന്നതാണ്‌ ജീവനക്കാരെ പ്രകോപിപ്പിച്ചത്. വിമാനത്താവളത്തിലെ സുരക്ഷാപരിശോധന കഴിഞ്ഞു വിമാനത്തിൽ കയറാനെത്തിയപ്പോഴാണു ജീവനക്കാർ എമിലിയെ തടഞ്ഞത്. വസ്ത്രം മാറ്റിയില്ലെങ്കിൽ വിമാനത്തിൽനിന്നു നീക്കുമെന്ന കർശന നിർദേശമാണ് എമിലിക്ക് ജീവനക്കാർ നൽകിയത്.

തനിക്കു കുറച്ചു പിന്നിലായി ഒരു പുരുഷൻ ഷോർട്സും വെസ്റ്റ് ടോപ്പും ധരിച്ചിരിപ്പുണ്ടായിരുന്നു. അയാളുടെ വസ്ത്രധാരണത്തെക്കുറിച്ച് ജീവനക്കാർക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ലെന്ന് എമിലി കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗിക ചുവയുള്ള, സ്ത്രീവിരുദ്ധമായ, ലജ്ജാകരമായ അനുഭവമാണു വിമാനക്കമ്പനി ജീവനക്കാരായ ആ നാലുപേരിൽനിന്ന് ഉണ്ടായതെന്നും അവർ യുകെ മാധ്യമമായ ‘ദി സണ്ണി’നോട് പറഞ്ഞു.

തന്റെ വസ്ത്രധാരണം കൊണ്ട് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് സഹയാത്രികരോട് അവർ ചോദിച്ചു. ആരും മറുപടി പറഞ്ഞില്ല. സാഹചര്യത്തെക്കുറിച്ചു സ്പീക്കറിലൂടെ ജീവനക്കാരിലാരോ സംസാരിച്ചത് ഇവരുടെ മാനഹാനി വർധിപ്പിച്ചു. സഹയാത്രികനായ മറ്റൊരാളും വസ്ത്രധാരണത്തെ മോശമായി പറഞ്ഞുവെന്നും ഇതിനോടു ജീവനക്കാർ പ്രതികരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാക്കുതർക്കം രൂക്ഷമായതിനെത്തുടർന്ന് യുവതിയുടെ ബന്ധു ഒരു ജാക്കറ്റ് ധരിക്കാനായി നൽകി. ഇതു ധരിക്കുന്നതുവരെ യുവതിയെ വിമാനത്തിൽ കയറ്റില്ലെന്ന നിലപാടായിരുന്നു ജീവനക്കാരുടേത്. അതേസമയം, ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയർലൈൻ അധികൃതർ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിനുപിന്നാലെയും ക്ഷമാപണവുമായി കമ്പനിയെത്തി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb