തൂവൂംബ പുഷ്പോത്സവം മലയാളികളുടെയും ഇഷ്ടകേന്ദ്രമാകുന്നു

ബ്രിസ്ബേൻ: ഓസ്‌ട്രേലിയയുടെ വസന്തത്തെ വരവേൽക്കുന്ന ക്വീൻസ്‌ലാൻഡിലെ തൂവൂംബ കാർണിവൽ ഓഫ് ഫ്ലവേഴ്‌സ് (Toowoomba Carnival of Flowers) ഈ വർഷവും പതിവുപോലെ ജനലക്ഷങ്ങളെ ആകർഷിച്ചു.
ക്വീൻസ്‌ലാൻഡിലെ മലയോര സൗന്ദര്യം നിറഞ്ഞ ഈ നഗരം, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ യൂറോപ്യൻ പുഷ്പസസ്യങ്ങളുടെ വർണ്ണരാജിയാൽ നിറയുന്നത് അവിസ്മരണീയ കാഴ്ചയാണ്. ഈ പുഷ്പോത്സവം ഇപ്പോൾ ക്വീൻസ്‌ലാൻഡിലെ മലയാളി കുടുംബങ്ങളുടെ പ്രധാന വാരാന്ത്യ യാത്രാകേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
യാത്രയുടെ സൗന്ദര്യം: പ്രകൃതിയുടെ കാഴ്ചകളും കുതിരപ്പടയും
ചന്നംപിന്നം മഴയുണ്ടായിട്ടും യാത്ര മുടക്കാതെ, ബ്രിസ്‌ബേനിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള തൂവൂംബയിലേക്കുള്ള യാത്ര അതിമനോഹരമായ അനുഭവമാണ് നൽകിയത്. കൃഷിപ്പാടങ്ങളും മലകളും നിറഞ്ഞ, 100 കിലോമീറ്റർ വേഗത്തിൽ പാഞ്ഞുപോകുന്ന റോഡുകൾ പ്രകൃതിയുടെ സൗന്ദര്യം ഒട്ടും ചോരാതെ കാത്തുവച്ചിരിക്കുന്നു.
യാത്രക്കിടയിൽ കങ്കാരുക്കളും മുയലുകളും റോഡിലേക്ക് ചാടാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധേയമാണ്. ഫാമുകളിൽ തണുപ്പിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിക്കാനായി വസ്ത്രങ്ങൾ ധരിച്ച കുതിരകളും പശുക്കളും മേഞ്ഞുനടക്കുന്ന കാഴ്ചയും കൗതുകമുണർത്തി.
യൂക്കാലിപ്‌റ്റസ് അടക്കമുള്ള ഓസ്‌ട്രേലിയൻ മരങ്ങൾ നിറഞ്ഞ വനങ്ങളിൽ കങ്കാരുക്കൾ ഓടിമറയുന്നതും കാണാൻ കഴിഞ്ഞു. തൂവൂംബ നഗരത്തോട് അടുക്കുന്തോറും കയറ്റങ്ങൾ കയറിത്തുടങ്ങുന്നു, വളവുകളില്ലാത്ത നീണ്ട കുന്നുകളാണ് ഇവിടുത്തെ പ്രത്യേകത. നഗരത്തിൽ പ്രവേശിച്ചയുടൻ കുതിരപ്പുറത്ത് പൊലീസിന്റെ യാത്ര കണ്ടതും വേറിട്ട അനുഭവമായിരുന്നു.
പുഷ്പമേള: നിറങ്ങളുടെ വിസ്മയം
സിറ്റിയിലെത്തിയപ്പോൾ കൗതുകമുണർത്തിയത് എല്ലായിടത്തും പൂക്കളാൽ അലങ്കരിച്ച പോലുള്ള കാഴ്ചകളാണ്. ഇലയില്ലാത്ത മരങ്ങളിലും ചെടികളിലും പൂത്തുനിന്ന പൂക്കൾ കടലാസ് പൂക്കൾ പോലെ തോന്നിപ്പിച്ചു. ക്വീൻസ് പാർക്ക്, ലോറൽ ബാങ്ക് പാർക്ക്, ബൊട്ടാണിക് ഗാർഡൻസ് എന്നിവിടങ്ങളിലെ പുഷ്പത്തോട്ടങ്ങളിലേക്കായിരുന്നു ജനത്തിരക്ക്.
പ്രദർശന കവാടത്തിൽ ഫോട്ടോയെടുക്കാൻ തിരക്കുകൂട്ടുന്ന കുടുംബങ്ങളും, മോഡലുകളെ ഷൂട്ട് ചെയ്യുന്ന ഫൊട്ടോഗ്രഫർമാരും, വളർത്തുനായ്ക്കളോടൊപ്പം പോസ് ചെയ്യുന്നവരുമെല്ലാം കാഴ്ചയായി. ഗുജറാത്തി പെൺകുട്ടികൾ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ചിത്രങ്ങൾ എടുത്തത് സാംസ്കാരിക വൈവിധ്യത്തിന് ഉദാഹരണമായി.
സംഗീതവും നൃത്തവും, കുട്ടികളുടെ ചിത്രരചനയും, മരച്ചുവട്ടിലെ വിശ്രമ കേന്ദ്രങ്ങളുമെല്ലാം മേളക്ക് മാറ്റുകൂട്ടി. വിവിധ രാജ്യങ്ങളിലെ ജനങ്ങൾ അവരുടെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞുള്ള പരേഡ് പുഷ്പോത്സവത്തിന്റെ പ്രധാന ആകർഷണമായി. മലമുകളിലെ ലുക്ക്ഔട്ടിൽ നിന്ന് സിറ്റിയുടെ വിദൂര കാഴ്ചകൾ കണ്ട ശേഷം ഓസ്ട്രേലിയൻ പതാക കാറ്റിൽ പാറിപ്പറക്കുന്നത് നോക്കി വൈകുന്നേരമാണ് മടക്കയാത്ര തിരിച്ചത്.
ടൂറിസം കലണ്ടറിലെ തിളക്കം
1949ൽ ആരംഭിച്ച ഈ കാർണിവൽ ഓസ്‌ട്രേലിയയിലെ ഏറ്റവും പഴക്കമുള്ളതും ജനപ്രിയവുമായ പുഷ്പോത്സവങ്ങളിൽ ഒന്നാണ്. ട്യൂളിപ്പ്, ഡാഫോഡിൽ, ബിഗോണിയ തുടങ്ങിയ യൂറോപ്യൻ പുഷ്പങ്ങളാണ് ഇവിടെ പ്രധാനമായും പൂവിടുന്നത്.
മൂന്ന് ലക്ഷത്തിലധികം സന്ദർശകർ ഓരോ വർഷവും എത്തുന്ന ഈ മേള, തൂവൂംബയുടെ പ്രാദേശിക സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകുന്നു. കെമിക്കൽ-ഫ്രീ ഗാർഡനിങ് ആശയങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ സന്ദേശവും കാർണിവൽ നൽകുന്നുണ്ട്.
കുട്ടികൾക്ക് പഠനപരമായും വിനോദപരമായും പ്രയോജനകരമായ ഈ പുഷ്പോത്സവം, മിക്ക സ്കൂളുകളും പ്രത്യേക ടൂറുകളിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളികൾ അടക്കമുള്ള ദക്ഷിണേഷ്യൻ സമൂഹത്തിന്റെ ട്രാവൽ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ആകർഷണമായി ഈ ‘പൂക്കളുടെ നഗരം’ മാറിക്കൊണ്ടിരിക്കുകയാണ്.



