രാജ്യത്തെ പിടിച്ചുലച്ച് ‘മാർച്ച് ഫോർ ഓസ്ട്രേലിയ’

സിഡ്നി: മെൽബൺ, സിഡ്നി, ബ്രിസ്‌ബെയ്ൻ, അഡിലൈഡ്, കാൻബറ, ടൗൺസ്വിൽ, മക്കായ് തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 31) ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ എന്ന പേരിൽ വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.
പ്രതിഷേധത്തിന്റെ മുഖ്യ വിഷയമായി വിദേശ കുടിയേറ്റം തന്നെ മാറി. ‘Send them home’, ‘This is Australia’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടു. ചില റാലികളിൽ യുറീക്ക പതാകകളും റെഡ് എൻസൈൻ പതാകകളും ഉയർത്തി.
സിഡ്നിയിൽ 5,000–8,000 പേർ പങ്കെടുത്തു. റെഫ്യൂജി ആക്ഷൻ കോയിലേഷൻ (Refugee Action Coalition) സംഘടിപ്പിച്ച കൗണ്ടർ പ്രതിഷേധവും നടന്നു. 800ലധികം പൊലീസുകാരെ വിന്യസിച്ചെങ്കിലും സംഘർഷങ്ങൾ ഉണ്ടായി. മെൽബണിൽ വലിയ തോതിൽ ആളുകൾ പങ്കെടുത്തപ്പോൾ, ന്യൂ-നാസി ബന്ധമുള്ള വക്താക്കളുടെ സാന്നിധ്യം വിവാദമായി. പൊലീസ് പെപ്പർ സ്പ്രേ ഉപയോഗിച്ച് പ്രതിഷേധം നിയന്ത്രിച്ചു.
അഡിലൈയിഡിൽ 15,000-ത്തിലധികം പേർ റൺഡിൽ പാർക്കിൽ ഒത്തുകൂടി. ‘ഡെസി ഫ്രീമാൻ’ എന്ന പരാരിയെ അനുസ്മരിച്ച സംഭവത്തിൽ പ്രതിഷേധം ചൂടുപിടിച്ചു. പൊലീസ് മൂന്ന് പേരെ അറസ്റ്റു ചെയ്തു. ബ്രിസ്‌ബെയ്നിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധത്തിൽ വിദേശികൾക്കെതിരെ കഠിന മുദ്രാവാക്യങ്ങൾ മുഴക്കി.
മക്കായ് ബ്ലൂവാട്ടർ ക്വായ് മുതൽ കൗൺസിൽ ഓഫിസ് വരെ വലിയ മാർച്ച് നടന്ന, വാഹന ഗതാഗതം തടസ്സപ്പെട്ടു. കാൻബറയിൽ പോളിൻ ഹാൻസനും മാൽക്കം റോബർട്സും (വൺ നേഷൻ പാർട്ടി) പ്രതിഷേധത്തിൽ പങ്കെടുത്തു. ടൗൺസ്വിൽലിൽ ബോബ് കാട്ടർ (കാറ്റേഴ്‌സ് ഓസ്‌ട്രേലിയ പാർട്ടി) പ്രതിഷേധത്തിൽ പങ്കെടുത്തു.
ഓസ്‌ട്രേലിയൻ സർക്കാർ പ്രതിഷേധങ്ങളെ വംശീയ വിദ്വേഷവും വിഭജനവും വളർത്തുന്ന നടപടിയെന്ന് അപലപിച്ചു. കാർഷികമന്ത്രി മുറേ വാട്ട് ഉൾപ്പെടെ മന്ത്രിമാർ പ്രതിഷേധത്തിൽ ന്യൂ-നാസി ബന്ധമുള്ള സംഘങ്ങൾ പങ്കെടുത്തുവെന്ന വിവരം പുറത്തുവിട്ടു. ‘ഓസ്‌ട്രേലിയൻ സമൂഹത്തെ വിഭജിക്കുന്ന ഇത്തരം പ്രസ്ഥാനങ്ങൾക്ക് ഇട നൽകാൻ സാധിക്കില്ല’, എന്ന് മന്ത്രിമാർ പറഞ്ഞു.
വിദ്വേഷ പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് സർക്കാർ രംഗത്ത്
ഇന്ത്യക്കാർ ഓസ്ട്രേലിയയിലേക്കു കൂട്ടമായി കുടിയേറുന്നതിനെതിരെയുള്ള വിദ്വേഷ പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് സർക്കാർ രംഗത്ത്. വംശീയതയിലൂന്നിയ തീവ്ര വലത് ആക്ടിവിസത്തിന് ഓസ്ട്രേലിയയിൽ സ്ഥാനമില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയത്.
കുടിയേറ്റത്തിനെതിരെ സിഡ്നി, മെൽബൺ, കാൻബറ തുടങ്ങിയ നഗരങ്ങളിൽ ‘മാർച്ച് ഫോർ ഓസ്ട്രേലിയ’ റാലികൾ നടന്നിരുന്നു. തനത് ഓസ്ട്രേലിയൻ സംസ്കാരത്തിനും അവിടത്തെ ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള ക്യാംപെയ്നാണു നടക്കുന്നത്. നൂറുവർഷത്തിനിടെ കുടിയേറിയ ഗ്രീക്കുകാരെക്കാളും ഇറ്റലിക്കാരെക്കാളും കൂടുതൽ ഇന്ത്യക്കാർ 5 വർഷം കൊണ്ട് ഓസ്ട്രേലിയയിൽ കുടിയേറിയെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.



