77 കോടിപ്പേരുടെ ഇ-മെയില്‍ പാസ്വേര്‍ഡുകള്‍ അടക്കം ചോര്‍ന്നു

January 18, 2019

ലണ്ടന്‍: സൈബര്‍ലോകത്തിലെ ഏറ്റവും വലിയ വിവരചോര്‍ച്ചയില്‍ 77 കോടിപ്പേരുടെ ഇ-മെയില്‍ പാസ്വേര്‍ഡുകള്‍ അടക്കം വില്‍പ്പനയ്ക്ക് എത്തിയതായി റിപ്പോര്‍ട്ട്. . മൈക്രോസോഫ്റ്റ് റീജണല്‍ ഡയറക്ടറും സൈബര്‍ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ സൈബര്‍ ഹാക്കിംഗ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഹണ്ടിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം 772,904,991 ഇമെയില്‍ വിലാസങ്ങളും 21,222,975 കോടി പാസ്‌വേഡുകളും ഓണ്‍ലൈന്‍ വഴി പരസ്യമാക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.

ഇ- മെയിലുകളും പാസ് വേഡുകളും അടക്കം 270 കോടിയിലധികം രേഖകള്‍ 'കളക്ഷന്‍ 1' എന്ന പേരിലുള്ള ഡാറ്റ ബാങ്കായി സൂക്ഷിച്ചിരിക്കുകയാണെന്നും, 84 ജിബിയാണ് ഈ മൊത്തം ഡാറ്റയുടെ ശേഖരണ വലിപ്പം എന്നും ഹണ്ട് പറയുന്നു. ഇതില്‍ 12,000 വ്യത്യസ്ത ഫയലുകളിലാണ് വിവിധ വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. മെഗാ എന്ന പേരിലുള്ള ക്ലൗഡ് ഷെയറിങ് ഹാക്കിങ് ഫോറത്തിലാണ്ആ ആദ്യം ഈ ഫയല്‍ വില്‍പ്പനയ്ക്ക് എത്തിയതെങ്കിലും ഇത് പിന്നീട് പിന്‍വലിക്കപ്പെട്ടു.

വെബ്സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ 'ഹാഷ്' പാസ്‌വേഡുകളായാണ് ശേഖരിച്ചുവെക്കുന്നത്. പാസ് വേഡുകളുടെ സുരക്ഷക്കാണ് ഈ രീതിയില്‍ പാസ് വേഡ് ശേഖരിക്കുന്നത്. സങ്കീര്‍ണമായ ഗണിത പ്രക്രിയയിലൂടെ സൃഷ്ടിക്കുന്ന ഹാഷ് പാസ് വേഡുകളില്‍ അക്ഷരങ്ങളും, അക്കങ്ങളുമാണ് ഉണ്ടാവുക. സുരക്ഷിതമെന്ന് കരുതുന്ന ഈ ഹാഷ് പാസ് വേഡ് സംവിധാനത്തെ ക്രാക്ക് ചെയ്താണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

കളക്ഷന്‍ #1 ഫയലിലുള്ള വിവരങ്ങളെല്ലാം www.haveibeenpwned.com എന്ന ഹണ്ടിന്‍റെ വെബ്‌സൈറ്റില്‍, ചോര്‍ന്ന ഇമെയില്‍ വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഈ വെബ്സൈറ്റ് വഴി നിങ്ങളുടെ ഇമെയിലും പാസ് വേഡുകളും ചോര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. 18 വെബ്‌സൈറ്റുകളില്‍ നിന്നു ചോര്‍ന്നിട്ടുള്ള വിവരങ്ങളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb