സോഷ്യൽ മീഡിയ വിലക്ക്; ഓസ്ട്രേലിയയിൽ പൂട്ടിയത് 50 ലക്ഷത്തോളം അക്കൗണ്ടുകൾ

സിഡ്‌നി: 16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കർശനമാക്കി ഓസ്ട്രേലിയ. ചരിത്രപ്രധാനമായ ഈ നിയമം പ്രാബല്യത്തിൽ വന്ന് ഒരു മാസത്തിനുള്ളിൽ ഏകദേശം 47 ലക്ഷത്തോളം (4.7 മില്യൺ) അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. ഓസ്ട്രേലിയൻ ഇന്റർനെറ്റ് റെഗുലേറ്ററാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.

ലോകത്ത് ആദ്യമായാണ് കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് ഇത്രയും കർശനമായ നിയന്ത്രണം ഒരു രാജ്യം ഏർപ്പെടുത്തുന്നത്. ഡിസംബർ പത്തിനാണ് നിയമം നിലവിൽ വന്നത്. 10 മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികളുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഒരാളുടെ പേരിൽ ശരാശരി രണ്ട് അക്കൗണ്ടുകൾ വീതം നീക്കം ചെയ്യപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ത്രെഡ്‌സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റ മാത്രം ഏകദേശം 5.5 ലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്തതായി അറിയിച്ചു. യൂട്യൂബ്, ടിക് ടോക്, സ്‌നാപ്ചാറ്റ്, എക്‌സ് എന്നിവയ്ക്കും ഈ നിയമം ബാധകമാണ്. നിയമം ലംഘിക്കുന്ന സോഷ്യൽ മീഡിയ കമ്പനികൾക്ക് 49.5 മില്യൺ ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 270 കോടി രൂപ) വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. എന്നാൽ കുട്ടികൾക്കോ രക്ഷിതാക്കൾക്കോ എതിരെ പിഴയോ ശിക്ഷയോ ഉണ്ടാവില്ല.

ഇതൊരു ലോകോത്തര നിയമനിർമ്മാണമാണെന്നും ഓസ്ട്രേലിയക്ക് ഇതിൽ അഭിമാനിക്കാമെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ഫ്രാൻസ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്.

റെഡ്ഡിറ്റ് പോലുള്ള ചില പ്ലാറ്റ്‌ഫോമുകൾ നിയമം അനുസരിക്കുന്നുണ്ടെങ്കിലും വിലക്കിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും സൈബർ ലോകത്തെ ചതിക്കുഴികളിൽ നിന്ന് അവരെ രക്ഷിക്കുന്നതിനുമാണ് സർക്കാർ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

Related Articles

Back to top button