ഓസ്‌ട്രേലിയയിൽ അഞ്ചിലൊന്ന് കൗമാരക്കാരും ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവം

കാൻബറ: 16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കിക്കൊണ്ട് ഓസ്‌ട്രേലിയൻ സർക്കാർ കൊണ്ടുവന്ന കർശന നിയമം പൂർണ്ണമായി ലക്ഷ്യം കാണുന്നില്ലെന്ന് റിപ്പോർട്ട്.

നിരോധനം നിലവിൽ വന്ന് രണ്ട് മാസം പിന്നിടുമ്പോഴും 13 നും 15 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിൽ അഞ്ചിലൊരാൾ ഇപ്പോഴും സോഷ്യൽ മീഡിയ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പ്രമുഖ പാരന്റൽ കൺട്രോൾ സോഫ്റ്റ്‌വെയർ നിർമ്മാതാക്കളായ ‘ക്യുസ്റ്റോഡിയോ’ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ ഡിസംബറിലാണ് ലോകത്തിന് തന്നെ മാതൃകയാകുമെന്ന് കരുതിയ സോഷ്യൽ മീഡിയ നിരോധനം ഓസ്‌ട്രേലിയ നടപ്പിലാക്കിയത്. എന്നാൽ ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം പ്രായപരിശോധനാ സംവിധാനങ്ങളെ മറികടന്ന് കുട്ടികൾ ഇപ്പോഴും പ്ലാറ്റ്‌ഫോമുകളിൽ തുടരുകയാണ്.

നവംബറിനും ഫെബ്രുവരിക്കും ഇടയിൽ ഉപയോഗത്തിൽ 13.8 ശതമാനം കുറവുണ്ടായെങ്കിലും 20.3 ശതമാനം കുട്ടികൾ ഇപ്പോഴും ഇത് ഉപയോഗിക്കുന്നു. ഉപയോഗത്തിൽ 5.7 ശതമാനം കുറവ് രേഖപ്പെടുത്തി. എങ്കിലും 21.2 ശതമാനം കൗമാരക്കാർ ഇപ്പോഴും ഈ പ്ലാറ്റ്‌ഫോമിലുണ്ട്. ലോഗിൻ ചെയ്യാതെ ഉപയോഗിക്കാമെന്ന നിയമപരമായ ഇളവുള്ളതിനാൽ യൂട്യൂബിന്റെ ഉപയോഗത്തിൽ വലിയ മാറ്റമില്ല (36.9 ശതമാനം).

പ്രായപൂർത്തിയാകാത്തവരെ തിരിച്ചറിയുന്നതിൽ പ്ലാറ്റ്‌ഫോമുകൾ പരാജയപ്പെടുന്നു എന്ന നിഗമനത്തിലാണ് അധികൃതർ. നിയമം ലംഘിക്കുന്ന മെറ്റ (ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്), ഗൂഗിൾ, ടിക് ടോക് തുടങ്ങിയ കമ്പനികൾക്ക് 49.5 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) വരെ പിഴ ചുമത്താൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. കമ്പനികളുടെ പ്രായപരിശോധന രീതികളിലെ പോരായ്മകളെക്കുറിച്ച് ഇന്റർനെറ്റ് റെഗുലേറ്ററായ ‘ഇ-സേഫ്റ്റി കമ്മീഷണർ’ അന്വേഷണം ആരംഭിച്ചു.

നിരോധനം പെട്ടെന്ന് പൂർണമായി നടപ്പിലാക്കാവുന്ന ഒന്നല്ലെന്നും അതൊരു വലിയ സാംസ്‌കാരിക മാറ്റമാണെന്നുമാണ് ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന്റെ പ്രതികരണം. നിയമം പൂർണ തോതിൽ ഫലം കാണാൻ കൃത്യമായ സമയം വേണ്ടിവരുമെന്നും സർക്കാർ വക്താവ് വ്യക്തമാക്കി.

Related Articles

Back to top button