കിഴക്കൻ ഓസ്ട്രേലിയയിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

സിഡ്നി: കിഴക്കൻ ഓസ്ട്രേലിയയിൽ കനത്ത മഴയ്ക്കും കാറ്റിനും പ്രളയത്തിനും സാധ്യത. കനത്ത മഴയെ തുടർന്ന് അടുത്ത 36 മണിക്കൂറിനുള്ളിൽ വെള്ളപ്പൊക്ക സാധ്യതയെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ നേരിടാൻ ജനങ്ങൾ തയാറാകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

സിഡ്നി ഉൾപ്പെടെ രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ നിന്ന് 1,000 കിലോമീറ്റർ അകലെ വരെയുള്ള ജനങ്ങൾക്കാണ് ന്യൂ സൗത്ത് വെയിൽസ് കാലാവസ്ഥാ അധികൃതർ പ്രളയ മുന്നറിയിപ്പ് നൽകിയത്. ബുധനാഴ്ച രാത്രിയിൽ 75 മില്ലിമീറ്ററും വ്യാഴാഴ്ച 120 മില്ലിമീറ്ററും വെള്ളിയാഴ്ച 60 മില്ലിമീറ്ററും വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ ബ്യൂറോയുടെ മുന്നറിയിപ്പ്. ന്യൂ സൗത്ത് വെയിൽസ്, ക്യൂൻസ് ലാൻഡ് എന്നിവിടങ്ങളിലും അടുത്ത 24 മുതൽ 36 മണിക്കൂർ വരെ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ന്യൂ സൗത്ത് വെയിൽസിന്റെ കിഴക്കൻ തീരത്ത് പ്രത്യേകിച്ചും മിഡ് നോർത്ത് കോസ്റ്റ് ഏരിയ, സിഡ്നി എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മഴ കനക്കും. തെക്ക് കിഴക്കൻ ക്യൂൻസ് ലാൻഡ് പ്രത്യേകിച്ചും ബ്രിസ്ബെയ്ന്റെ തെക്കും മഴ പെയ്യും. വെള്ളിയാഴ്ചയോടെ മഴയുടെ തീവ്രത കുറയും.

കഴിഞ്ഞ 24 മണിക്കൂറിനിടെ സൺഷൈൻ കോസ്റ്റിലെ പരിയറയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്-74 മില്ലിമീറ്റർ. പെർത്തിൽ കഴിഞ്ഞ 22 മണിക്കൂറിനിടെ 53 മില്ലിമീറ്ററാണ് മഴ പെയ്തത്.

ഇക്കഴിഞ്ഞ മേയിൽ ന്യൂ സൗത്ത് വെയിൽസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്ന് ജീവഹാനിയും വലിയ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു.

Related Articles

Back to top button