91 ൻറെ നിറവിൽ ദളിത് ബന്ധു എൻ കെ ജോസ്

February 02, 2019

ലോകൻ രവി

ദളിത് ബന്ധു എൻ കെ ജോസിന്റെ തൊണ്ണൂറ്റിയൊന്നാം ജന്മദിനമാണിന്ന്. വിവിധ സംഘടനകൾ അദ്ദേഹത്തോടുള്ള ആദര സൂചകമായി ഇന്നേ ദിവസം തദ്ദേശ ചരിത്ര ദിവസമായി ആഘോഷിക്കുന്നു. രാജാക്കന്മാരുടെയും അവരുടെ പടയോട്ടങ്ങളുടെയും ചരിത്രങ്ങളിൽ മാത്രം താത്പര്യം കാണിക്കുന്ന ചരിത്രകാരന്മാരോട് കലഹിച്ചു തന്നെയാണ് കേരളത്തിലെ അടിസ്ഥാന ജനതയുടെയും കൃഷിയുടെയും ചരിത്രം അദ്ദേഹം രേഖപ്പെടുത്തിയത്.

രാജാധികാരത്തിൻറെ സ്തുതിപാഠമായി മാത്രം മാറിയേക്കുമായിരുന്ന ചരിത്രത്തെ കീഴാള പക്ഷത്തു നിന്നും വിമര്ശനോത്മുഖമായി നോക്കി കാണുവാൻ പുതുതലമുറകൾക്കു വേണ്ട ചരിത്ര സമ്പത്തു ഒരുക്കി വെക്കുന്നതിൽ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടം വിജയിച്ച ഒരു മാതൃകയാണ്. മുഖ്യധാര ചരിത്രകാരന്മാരോട് മാത്രമല്ല, സവർണ്ണ പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തിലെ ക്രൈസ്തവ സഭകളോടും അദ്ദേഹം ഒരേ സമയം ചരിത്രത്തെ മുൻ നിർത്തി കലഹിച്ചിരുന്നു.

കീഴാള ജനതയുടെ ചരിത്രം പറയുന്ന നൂറോളം പുസ്തകങ്ങളും ക്രൈസ്തവ സഭകളെ അവരുടെ യഥാർത്ഥ അസ്തിത്വം ഓർമിപ്പിക്കുന്ന മുപ്പതോളം പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട് . മലയാളത്തിൽ ഏറ്റവുമധികം ചരിത്ര പുസ്തകങ്ങൾ എഴുതിയതും ജോസ് സാർ ആണ്. ലോകത്തിൽ ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത് കേരളത്തിലാണെന്നു അദ്ദേഹം ചരിത്രത്തെ മുൻനിറുത്തി ആധികാരികമായി അവകാശപ്പെട്ടിട്ടുണ്ട്. തൻറെ തെളിവുകൾ യുക്തിയാണ് രേഖകളല്ല എന്നും ദളിത് ബന്ധു പ്രഖ്യാപിച്ചിട്ടുണ്ട് .

ഇനി വരുന്ന തലമുറകളിലെ ചരിത്രാന്വേഷകർക്കായി കീഴാള പക്ഷത്തു നിന്നും ഒരു വായന സാധ്യമാക്കിയ അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb