പ്രളയവും സംഘർഷവും തടസമായില്ല; കേരളം 2019ൽ കണ്ടിരിക്കേണ്ട സ്ഥലമെന്ന് CNN

January 14, 2019

പ്രളയത്തിൽ നിന്ന് കരകയറിയെത്തുന്ന കേരളം ഈ വർഷം എല്ലാ വിനോദസഞ്ചാരികളും കണ്ടിരിക്കേണ്ട സ്ഥലമാണെന്ന് പ്രമുഖ മാധ്യമമായ CNN. 2019ൽ സന്ദർശിച്ചിരിക്കേണ്ട 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് CNN കേരളത്തെയും ഉൾപ്പെടുത്തിയത്.

യാത്രകളെ ഇഷ്ടപ്പെടുന്നവർക്കു വേണ്ടി CNNന്റെ യാത്രാ വിഭാഗമാണ് പുതുവർഷത്തിൽ ഈ പട്ടിക പുറത്തിറക്കിയത്.

പ്രകൃതി സൗന്ദര്യം, ചരിത്രം, സംസ്കാരം, സാഹസികതക്കുള്ള സാഹചര്യങ്ങൾ, ഭക്ഷണം തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ഇത്. കേരളത്തെപ്പോലെ തന്നെ പ്രകൃതിദുരന്തങ്ങളിൽ നിന്ന് കരകയറുന്നവയാണ് പട്ടികയിലുള്ള പല പ്രദേശങ്ങളും.

ഇന്ത്യയിൽ നിന്ന് കേരളം മാത്രം
കാടും കടലും മലയും പുഴയും രുചിയൂറും ഭക്ഷണവിഭവങ്ങളും കെട്ടുവള്ളങ്ങളും മനോഹരമായൊരു സംസ്കാരവും - കേരളത്തിൽ ഇല്ലാത്തത് ഒന്നുമില്ല എന്നാണ് CNN പറയുന്നത്.

ഇത്രയും പ്രകൃതിഭംഗിയുള്ള നാട്ടിനെ "ദൈവത്തിന്റെ സ്വന്തം നാട്" എന്നു വിളിക്കുന്നത് വെറുതെയല്ലെന്നും ലേഖനം പറയുന്നു.

ഈ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചിരിക്കുന്ന ഏക പ്രദേശം കേരളമാണ്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കം പല ഭാഗങ്ങളെയും തകർത്തെറിഞ്ഞെങ്കിലും, ഈ നാടിന്റെ പ്രകൃതിഭംഗി ഒട്ടും കുറഞ്ഞിട്ടില്ലെന്നും CNN ചൂണ്ടിക്കാട്ടുന്നു.

സാംസ്കാരികവൈവിധ്യം കൊണ്ട് സമ്പന്നമായ കൊച്ചിയിൽ സഞ്ചാരികൾക്ക് അറിയാനും ആസ്വദിക്കാനും ആവോളമുണ്ട്. പൂർണമായി സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം മുതൽ "കഥപറയുന്ന നൃത്തരൂപമായ" കഥകളി വരെ കേരളത്തിന്റെ പ്രത്യേകതകളായി എടുത്തുകാട്ടുന്നു.

മനോഹരമായ ബീച്ചുകൾക്ക് പ്രസിദ്ധമാണ് കേരളം. വെറുതെ വിശ്രമിക്കേണ്ടവർക്ക് വർക്കലയിൽ പോകാം, സർഫിംഗ് ചെയ്യേണ്ടവർക്ക് ഒരു ചിത്രം പോലെ മനോഹരമായ കോവളത്തെത്താം - CNN പറയുന്നു.

കേരളത്തിന്റെ പ്രസിദ്ധമായ കായലുകളെക്കുറിച്ചും ഇതിൽ വിവരിക്കുന്നുണ്ട്: കായല്‍ ചന്തം കാണാൻ സഹായിക്കുന്ന കെട്ടുവള്ളങ്ങളിലെ യാത്രകൾ അതിമനോഹരമാണ്. വെള്ളത്താൽ കോർത്തിണക്കപ്പെട്ടു കിടക്കുന്ന ഗ്രാമങ്ങൾക്കിടയിലൂടെ കെട്ടുവള്ളങ്ങളിൽ ആഴ്ച്ചകളോളം സഞ്ചരിച്ചാലും മടുക്കില്ലെന്നും പറയുന്നു.

കേരളത്തിന്റെ രുചിക്കൂട്ടുകൾ
കേരളത്തിലെത്തുന്നവർ ഒഴിവാക്കാൻ പാടില്ലാത്തത് അവിടത്തെ ഭക്ഷണമാണ് എന്നു പറഞ്ഞാണ് ഈ വിവരണം സി എൻ എൻ പൂർത്തിയാക്കുന്നത്. മൂന്നാറിലെ സുഗന്ധവ്യഞ്ജനങ്ങൾ മുതൽ നാളികേരം ചേർത്ത വിഭവങ്ങൾ വരെ രുചിക്കണമെന്നാണ് നിർദ്ദേശം. പ്രത്യേകിച്ചും കേരള ചെമ്മീൻ കറി!

ശബരിമല യുവതീ പ്രവേശങ്ങളുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയുമെല്ലാം കേരളം സന്ദർശിക്കുന്ന പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ സമയത്ത് തന്നെയാണ് CNN ന്റെ ഈ പട്ടികയും പുറത്തുവരുന്നത്.

കേരളത്തെ കൂടാതെ ജപ്പാനിലെ ഫുക്കോക, ഒമാൻ, ഇസ്രായേലിന്റെ ജാഫ്ര എന്നിങ്ങനെ ഏഷ്യ ഭൂഖണ്ഡത്തിലെ നാല് രാജ്യങ്ങൾ മാത്രമാണ് പട്ടികയില് ഉൾപ്പെട്ടിരിക്കുന്നത്.

ക്രൈസ്റ്റ് ചർച്ച് ന്യൂസീലൻഡ്, പെറുവിലെ ലിമ, ഫ്രാൻസിലെ നോർമാൻഡി, മെക്സിക്കോ, ബൾഗേറിയ, വെസ്റ്റ് ഇൻഡീസിലെ സെന്റ് ബർട്സ്, ജർമ്മനിയിലെ വെയ്മർ, ഈജിപ്ത്, ഘാന എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് സ്ഥലങ്ങൾ.

യുണൈറ്റഡ് സ്‌റ്റേറ്റ്സിൽ നിന്ന് ഗ്രാൻഡ് ക്യാനിയന്, ഹവായ് ദ്വീപ്, ന്യൂയോർക്ക് സ്‌കോട് ലൻഡ്,ഫ്ലോറിഡയിലെ സ്പേസ് കോസ്റ്റ്‌ സ്പേസ് സെന്റർ എന്നിവടങ്ങളും പട്ടികയിലുണ്ട്. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിൽ ഒന്നായ ലിസ്റ്റൻസ്റ്റൈനും കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലുണ്ട്.

കടപ്പാട്: SBS മലയാളം

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb