റോം: ലോകത്തെ മാറ്റിമറിക്കാന്‍ ഉതകുന്ന, എല്ലാവരെയും സ്വാഗതം ചെയ്യുന്ന കുടുംബക്രമം സ്ഥാപിക്കാന്‍ കുടുംബങ്ങളോട് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ.
ലോകത്തുടനീളമുള്ള എല്ലാ ദമ്പതികളും പരസ്പരമുള്ള ഐക്യത്തിലും ഇഴയടുപ്പത്തിലും മുന്നോട്ടു നീങ്ങണമെന്നും പാപ്പ ഓര്‍മിപ്പിച്ചു. നൂറ്റമ്പതില്‍പ്പരം രാജ്യങ്ങളില്‍ നിന്നുള്ള 2000 കുടുംബങ്ങള്‍ പങ്കെടുക്കുന്ന ലോക കുടുംബ സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവ്.
വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങുകളില്‍ ഫ്രാന്‍സിസ് പാപ്പ പങ്കെടുത്തു.
‘നിങ്ങള്‍ എവിടെയാണോ അവിടെ നിന്ന് പുതുതായി ആരംഭിക്കുക, ഒരുമിച്ച് മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുക’ – ദമ്പതികളോടായി മാര്‍പാപ്പ പറഞ്ഞു. നിങ്ങളുടെ സ്വന്തം കുടുംബങ്ങള്‍ക്കൊപ്പവും മറ്റ് കുടുംബങ്ങള്‍ക്കൊപ്പവും സഭയ്ക്കൊപ്പവും ഒരുമിച്ച് മുന്നോട്ടു നീങ്ങുക.
വിശുദ്ധ ഗ്രന്ഥത്തിലെ നല്ല ശമരിയക്കാരന്റെ സുവിശേഷ ഭാഗവും പാപ്പ അനുസ്മരിച്ചു. നല്ല ശമരിയാക്കാരനെപ്പോലെയാണ് സഭ. നിങ്ങളുടെ അടുത്തേക്കു വരികയും നിങ്ങള്‍ക്കൊപ്പം യാത്ര തുടരാന്‍ സഹായിക്കുകയും ചെയ്യുന്ന നല്ല ശമരിയക്കാരനായി സഭ നിലകൊള്ളാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു.
കാന്‍സറിനെതിരെ പോരാടുമ്പോഴും തന്റെ ക്രൈസ്തവ വിശ്വാസം കാത്തുസൂക്ഷിച്ച ഒരു പ്രോ-ലൈഫ് അഭിഭാഷകയായ ദൈവദാസി ചിയറ കോര്‍ബെല്ല പെട്രില്ലയുടെ മാതാപിതാക്കള്‍ പരിപാടിക്കെത്തിയിരുന്നു. ഉക്രെയ്നിലെ യുദ്ധത്തില്‍ നിന്ന് പലായനം ചെയ്ത അമ്മയെയും മകളെയും സ്വീകരിച്ച ഇറ്റാലിയന്‍ കുടുംബം, സാമൂഹിക പ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇറ്റാലിയന്‍ അംബാസഡറുടെ വിധവ തുടങ്ങി കുടുംബ ജീവിതത്തിന്റെ പല തങ്ങളില്നിന്നുള്ളവര് കുടുംബ സംഗമത്തിനെത്തിയിരുന്നു.
‘കുടുംബ സ്നേഹം: വിശുദ്ധയിലേക്കുള്ള വിളിയും മാര്‍ഗവും’ എന്നതാണ് ഇത്തവണത്തെ ലോക കുടുംബ സംഗമത്തിന്റെ ചിന്താവിഷയം. സെന്റ് പീറ്റേഴ്സ് ബസിലിക്ക, സെന്റ് പീറ്റേഴ്സ് സ്ക്വയര്‍, പോള്‍ ആറാമന്‍ ഹാള്‍, സാന്‍ജിയോവാനി ഇന്‍ ലാത്തറാനോ ചത്വരം എന്നിവിടങ്ങളാണ് പ്രധാന വേദികള്‍.
കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും വിശ്വാസ ജീവിതം ജ്വലിപ്പിക്കാനും പരിപോഷിപ്പിക്കാനും സഹായിക്കും വിധമുള്ള ചര്‍ച്ചകളും ക്ലാസുകളും ലോക കുടുംബ സംഗമത്തിലുണ്ടാവും.
സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്കൊപ്പമുള്ള പേപ്പല്‍ ദിവ്യബലി 25ന് വൈകിട്ട് സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതോടെ സംഗമത്തിന് തിരശീല വീഴുമെങ്കിലും ജൂണ്‍ 26-ന് ആഞ്ചലൂസ് പ്രാര്‍ത്ഥനാമധ്യേ ലോക കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ ഉള്‍പ്പെടെയുള്ളവരെ പാപ്പാ അഭിസംബോധന ചെയ്യും.
കുടുംബ ബന്ധങ്ങള്‍ സുദൃഢമാക്കുക, മൂല്യാധിഷ്ഠിത കുടുംബ ജീവിതത്തിന് വഴിയൊരുക്കുക, ഗാര്‍ഹികസഭ എന്ന നിലയില്‍ കുടുംബ പ്രേഷിതദൗത്യം സജീവമാക്കുക, നല്ല വ്യക്തികളെ വാര്‍ത്തെടുക്കുന്നതില്‍ കുടുംബത്തിനുളള സ്ഥാനം ഉയര്‍ത്തിക്കാട്ടുക എന്നീ ലക്ഷ്യങ്ങളാണ് ‘ലോക കുടുംബ സംഗമ’ത്തിനുള്ളത്. ‘കുടുംബങ്ങള്‍ക്കും അല്മായര്ക്കും ജീവനും’ വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് മൂന്നു വര്‍ഷത്തിലൊരിക്കല്‍ സമ്മേളിക്കുന്ന സമ്മേളനത്തിന്റെ സംഘാടകര്‍.
150-ല്‍പ്പരം രാജ്യങ്ങളില്‍ നിന്ന് 2000 കുടുംബങ്ങളാണ് ഇത്തവണത്തെ സംഗമത്തില്‍ പങ്കെടുക്കുക.