ചരിത്രം രചിച്ച്, പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രി
തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്രം രചിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു.
പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. ചടങ്ങിൽ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎൽഎമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു.
നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള ഗീതാഞ്ജലിയുമായാണ് ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് എല്ലാവരെയും നേരിട്ട് കണ്ടശേഷമാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യാൻ വേദിയിലേക്ക് എത്തിയത്.
പിണറായി വിജയന് ശേഷം കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹ്മാൻ, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ആർ. ബിന്ദു എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. അബ്ദുറഹ്മാൻ എന്നിവര്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. പിണറായി അടക്കമുള്ളവര്‍ സഗൗരവം പ്രതിജ്ഞചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം രാജ്ഭവനിൽ ചായസത്കാരവും തുടർന്ന് ആദ്യ മന്ത്രിസഭാ യോഗവും ചേരും. കോവിഡ് നിയന്ത്രണം, നിയമസഭാ സമ്മേളനം, കെ -റെയിൽ തുടങ്ങിയ വിഷയങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും.