ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലിത്ത കാലം ചെയ്തു

നർമ്മത്തിലൂടെ നന്മയുടെ വെളിപാടു നൽകിയ നല്ല ഇടയൻ ഇനി ഓർമ്മ. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്താ പത്മഭൂഷൻ ഡോ. ഫീലീപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങുമ്പോൾ ഒരു നൂറ്റാണ്ടിൻ്റെ സാർത്ഥകമായ പ്രേഷിത ജീവിതമാണ് പര്യവസാനിച്ചത്.

നൂറ്റി നാലു വയസ്സു പിന്നിട്ടപ്പോഴും ആരോഗ്യം വീണ്ടെടുത്തു വിശ്രമിക്കവേയാണ് സഭയുടെ കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ 1.15 ന് അന്ത്യം സംഭവിക്കുന്നത്.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷക്കാലമായി മെത്രാപ്പോലീത്താ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ ചികിത്സയിലും വിശ്രമത്തിലും കഴിയുകയായിരുന്നു.

ഇതിനിടെ ശാരീരിക ക്ഷീണത്തെ തുടർന്ന് ഒരാഴ്ചക്കാലമായി തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെത്രാപ്പോലീത്താ ആരോഗ്യം വീണ്ടെടുത്തതോടെ ചൊവ്വാഴ്ച കുമ്പനാട് ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ തിരികെ എത്തിയിരുന്നു.

ഇന്നലെ രാവിലെ ഭൗതിക ശരീരം സഭാ ആസ്ഥാനമായ തിരുവല്ലയിലെ അലക്സാണ്ടർമെത്രാപ്പോലിത്ത ഹാളിൽ പൊതുദർശനത്തിനു വച്ചു.

കബറടക്കം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് മൂന്നു മണിക്ക്‌. എസ്‌ സി എസ്‌ കോമ്പൗണ്ടിലെ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയോടു ചേർന്ന് പ്രത്യേകം തയാറാക്കിയ കബറിൽ.

കുമ്പനാട് കലമണ്ണിൽ കെ.ഇ.മാമ്മൻ കശ്ശീശയുടെയും, ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 17നായിരുന്നു ജനനം.

ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു ആദ്യ നാമം.മാരാമൺ, കോഴഞ്ചേരി, ഇരവിപേരൂർ എന്നിവിടങ്ങളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ആലുവ യു.സി. കോളജിലെ ബിരുദ പഠനത്തിന് ശേഷം ബംഗ്ളൂര് യൂനിയൻ തിയോളജിക്കൽ കോളജ്, കാന്റർബറി സെന്റ് അഗസ്റ്റിൻ കോളജ് എന്നിവിടങ്ങളിൽ നിന്നും ദൈവശാസ്ത്ര പ0നം നടത്തി.

1944ൽ ശെമ്മാശ പട്ടം സ്വീകരിച്ച് ജൂൺ 30 ന് കശ്ശീശാ പട്ടവും നേടി.1953 മെയ് 20ന് റെമ്പാനായി.1999 ഒക്ടോബർ 23ന് സഭാപരമാദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ടു.

2007 ഒക്ടോബർ ഒന്നിന് ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു.തുടർന്ന് വലിയ മെത്രാപ്പോലീത്തയായി വിശ്രമ ജീവിതത്തിലായിരുന്നു. ഏപ്രിൽ 27 ന് 104 -ാം ജന്മദിനത്തിലേക്ക് കടന്ന വലിയ മെത്രാപ്പോലീത്താ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഇടയനാണ്.

കൊവിഡ്‌ പ്രോട്ടോകോൾ നിലവിൽ ഉള്ളതിനാൽ ചടങ്ങുകൾ പ്രതീകാത്മകമായി മാത്രമായിരിക്കും. സുറിയാനി പാരമ്പര്യം അനുസരിച്ച്‌ ഇരുത്തിയാണു കബർ അടക്കുന്നത്‌. കബറടക്കത്തിനു മുമ്പ്‌ നഗരി കാണിക്കൽ എന്നൊരു ചടങ്ങുണ്ട്‌.

ജീവിച്ച നഗരത്തോടുള്ള യാത്ര ചോദിക്കലാണ്‌. പിന്നീട്‌ ശുശ്രൂഷ ചെയ്ത ദേവാലയത്തോടും ബലി (കുർബാന) അർപ്പിച്ച ബലിപീഠത്തോടും (മദ്ബഹാ) യാത്ര ചോദിക്കും.

കബറിൽ ഇരുത്തുന്നതിനു മുൻപായി സഭയിലെ പുരോഹിതർ ചേർന്ന് എടുത്തുയർത്തി മൂന്നു പ്രാവശ്യം നീ യോഗ്യൻ എന്നർത്ഥമുള്ള ഓക്സിയോസ്‌, ഓക്സിയോസ്‌, ഓക്സിയോസ്‌ എന്നു ചൊല്ലും. ജനം അത്‌ ഏറ്റു ചൊല്ലും.

ഒരു പുരോഹിതനെ മേൽപ്പട്ടക്കാരനായി വാഴിക്കുന്നതിനു മുമ്പും ഇങ്ങനെ ഓക്സിയോസ്‌ ചൊല്ലാറുണ്ട്‌. കുന്തിരിക്കവും മൂറും അടക്കമുള്ള സുഗന്ധ ദ്രവ്യങ്ങളാണ്‌ കബറിൽ നിറയ്ക്കുന്നത്‌.

Related Articles

Back to top button