അംഗത്വം ചട്ടവിരുദ്ധമായി റദ്ദാക്കുന്നതിനെതിരായ ഹരജി: കേരളസര്‍ക്കാരിനും പ്രവാസി ക്ഷേമ ബോര്‍ഡിനും നോട്ടീസ്

കൊച്ചി: 62 വയസ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം കേരള പ്രവാസി ക്ഷേമപദ്ധതി 2009ന്റെ വ്യവസ്ഥകള്‍ക്കd വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട്‌പെറ്റിഷന്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
എതിര്‍കക്ഷികളായ കേരളസര്‍ക്കാര്‍ നോര്‍ക്കവകുപ്പിനും കേരള ക്ഷേമനിധി ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ ഉത്തരവായി. ഇന്നലെ (ഏപ്രില്‍ 10) കേരള ഹൈക്കോടതി ജസ്റ്റീസ് എസ്. ഡയസ്സിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് അവധിക്ക് ശേഷം ജൂണ്‍ 13ന് വീണ്ടും പരിഗണിക്കും.
2009ലെ കേരള പ്രവാസി ക്ഷേമപദ്ധതി വകുപ്പ് 21 പ്രകാരം വരിസംഖ്യ കുടിശ്ശിക വരുത്തി പദ്ധതി അംഗത്വം നഷ്ടപ്പെടുന്ന പ്രവാസി, മുടക്കം വരാനുള്ള കാരണങ്ങള്‍ യുക്തിസഹമായി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ ബോധ്യപ്പെടുത്തിയാല്‍ അംഗത്വം വീണ്ടെടുക്കാമെന്ന വ്യവസ്ഥയുണ്ട്.
എന്നാല്‍ ഈ വ്യവസ്ഥ അവഗണിച്ചുകൊണ്ട് 62വയസ് പിന്നിട്ട ആര്‍ക്കും വീണ്ടും നല്‍കേണ്ടെന്ന 34ാമത് ബോര്‍ഡ് മീറ്റിംഗിലെ 17ാം നമ്പര്‍ പ്രമേയത്തിലെ തീരുമാനത്തെയാണ് ഹര്‍ജി ചോദ്യം ചെയ്യുന്നത്.
ബോര്‍ഡിന്റെ ഈ തീരുമാനത്തിനെതിരെ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ക്ഷേമനിധി സി.ഇ.ഓയെയും നേരിട്ട് കണ്ട് പ്രവാസി ലീഗല്‍ സെല്‍ നിവേദനം നല്‍കിയെങ്കിലും തീരുമാനം മാറ്റാന്‍ ബോര്‍ഡോ സര്‍ക്കാരോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാന്‍ പ്രവാസി ലീഗല്‍സെല്‍ തീരുമാനിച്ചത്.
വിവരാവകാശ നിയമപ്രകാരം ബോര്‍ഡില്‍ നിന്നും ലഭിച്ച രേഖകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 18,808 പ്രവാസികള്‍ക്കാണ് വിവിധ കാരണങ്ങളാല്‍ ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട് പെന്‍ഷനുള്ള അവകാശം നഷ്ടമായത്.
ഇതില്‍ 282 പേര്‍ 62 വയസ് കഴിഞ്ഞ പ്രവാസികളാണ്. കോടതി ഉത്തരവ് അനുകൂലമായാല്‍ ക്ഷേമബോര്‍ഡിന്റെ ചട്ടവിരുദ്ധമായ തീരുമാനപ്രകാരം അംഗത്വം നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികള്‍ക്ക് അംഗത്വം പുനസ്ഥാപിച്ച് കിട്ടാനുള്ള സാഹചര്യമുണ്ടാകും.
ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും തുടര്‍ച്ചയായി വരിസംഖ്യ അടക്കുന്ന പ്രവാസികള്‍ക്കും മടങ്ങിവന്ന പ്രവാസികള്‍ക്കും 60 വയസ് ആകുന്നമുറക്ക് പ്രതിമാസം 3500രൂപയും 3000രൂപയും നിരക്കിലാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കി വരുന്നത്. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാക്കി വെക്കുന്നതെന്ന് പ്രത്യക്ഷമായിത്തന്നെ ക്ഷേമബോര്‍ഡ് ആരോപണമുന്നയിക്കുന്നുണ്ട്.
അതുകൊണ്ട് പരമാവധി പ്രവാസികളെ ചെറിയ പിശകുകള്‍പോലും ചൂണ്ടിക്കാണിച്ച് ക്ഷേമനിധി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ നിന്നും ഒഴിവാക്കുന്ന സമീപനമാണ് ഇപ്പോള്‍ ബോര്‍ഡ കൈക്കൊണ്ടുവരുന്നത്.
പ്രവാസികള്‍ക്ക് അടിയന്തിര ധനസഹായം നല്‍കുന്നതിന് ഒരു പ്രത്യേക നിധി സമാഹരിക്കണമെന്ന് 2008ലെ പ്രവാസി ക്ഷേമനിധി നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും നാളിതുവരെ അത്തരമൊരു നിധി സമാഹരിക്കാന്‍ ബോര്‍ഡ് തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ ബഡ്ജറ്റ് വിഹിതവും നോര്‍ക്ക റൂട് സേവനങ്ങള്‍ക്ക് അധികസെസ്സ് ഏര്‍പ്പെടുത്തിയും സമ്പന്നരായ പ്രവാസികളില്‍നിന്നുള്ള സംഭാവനകളും ഉള്‍പ്പെടുത്തി നിധി ഉണ്ടാക്കിയാല്‍ അത് പ്രവാസികള്‍ക്ക് മുടക്കമില്ലാതെ പെന്‍ഷന്‍ ആനുകൂല്യങ്ങളും അടിയന്തിര ധനാസഹായങ്ങളും നല്‍കാന്‍ ബോര്‍ഡിനാകും.
ഈ വിഷയം നിവേദനവുമായി പ്രവാസി ലീഗല്‍ സെല്‍ സര്‍ക്കാരിന് നല്‍കിയെങ്കിലും നാളിതുവരെ അത്തരമൊരുനീക്കം നടത്താന്‍ സര്‍ക്കാരോ ബോര്‍ഡോ തയ്യാറായിട്ടില്ല. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ്. പി. ഹമീദ്, ആര്‍. മുരളീധരന്‍, വിമല്‍ വിജയ്, റെബിന്‍ വിന്‍സന്റ് എന്നിവര്‍ കോടതിയില്‍ ഹാജരായി.