ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയായി

ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ പാസ്പോർട്ട് സറണ്ടർ ചെയ്ത ഗുജറാത്തികളുടെ എണ്ണം ഇരട്ടിയായി വർധിച്ചെന്ന് റിപ്പോർട്ട്. 2022ൽ, 241 പേരായിരുന്നു ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ചതെങ്കിൽ 2023ഓടെ ഇത് 485ൽ എത്തി.

കണക്കുകൾ പ്രകാരം 2024 മേയ് ആദ്യം വരെ രേഖപ്പെടുത്തിയിരിക്കുന്നത് 244 ആണ്. യുകെ, യുഎസ്, കാനഡ,ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായ 30നും 45നും പ്രായത്തിനിടയിലുള്ള ഇന്ത്യാക്കാരാണ് അവരുടെ പാസ്പോർട്ടുകൾ ഉപേക്ഷിക്കാൻ തയാറായത്.

ഡൽഹിക്കും പഞ്ചാബിനും ശേഷം രാജ്യത്ത് പൗരത്വം ഉപക്ഷേക്കുന്നതിൽ ഗുജറാത്ത് മൂന്നാം സ്ഥാനത്താണ്. 2014 മുതൽ 2022 വരെയുള്ള കാലയളവിൽ 22,300 ഗുജറാത്ത് സ്വദേശികളാണ് പൗരത്വം ഉപക്ഷേച്ചിരിക്കുന്നത്.

ഡൽഹിയിൽ 60,414 ഉം പഞ്ചാബിൽ 28,117 ഉം പേരാണ് അവരുടെ പൗരത്വം ഉപക്ഷേച്ചത്.

നിരവധി ഗുജറാത്തി യുവാക്കൾ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുകയും തുടർന്ന് അവിടെ തന്നെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ് ഈ പ്രവണതയ്ക്ക് പിന്നിൽ.

മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾക്കും ജീവിത നിലവാരത്തിനും വേണ്ടി വിദേശത്തേക്ക് മാറാനുള്ള പ്രവണത ബിസിനസുകാർക്കിടയിൽ വർധിച്ചുവരുന്നു . 2028ഓടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

1967ലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമപ്രകാരം വിദേശ പൗരത്വം സ്വീകരിക്കുന്നവര്‍ അവരുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. മൂന്ന് വർഷത്തിനുള്ളിലാണ് പാസ്പോർട്ട് സറണ്ടര്‍ ചെയ്യുന്നതെങ്കിൽ പിഴ ഉണ്ടാകില്ല.

അതേസമയം കാലതാമസമുണ്ടാകുകയാണെങ്കിൽ 10000 രൂപ മുതല്‍ 50000 രൂപവരെ പിഴ ഈടാക്കും. ഗുജറാത്തിലെ പാസ്‌പോർട്ട് ഉപേക്ഷിക്കുന്ന പ്രവണത ആഗോള കുടിയേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയ്ക്കായാണ് വിദേശത്തേക്ക് ആളുകൾ ചേക്കേറുന്നത്.

Exit mobile version