ഉ​മ്മ​ൻ ചാ​ണ്ടി അ​ന്ത​രി​ച്ചു

തിരുവനന്തപുരം: ആറു പതിറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തെ ചലിപ്പിക്കുന്നതിൽ മുന്നിൽനിന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) വിടവാങ്ങി.

ബംഗളൂരുവിൽ ഇന്ന് പുലർച്ചെ 4.30നായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് ഇന്ന് രാവിലെ വീടിനടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മകന്‍ ചാണ്ടി ഉമ്മനാണ് മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ഇന്ന് ഉച്ചയ്ക്ക് പ്രത്യേക വിമാനത്തിൽ മൃതദേഹം തിരുവനന്തപുരത്തെത്തിക്കും. പിന്നീട് തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടു പോകും. അതിനുശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം ഉമ്മൻ ചാണ്ടി പതിവായി പ്രാർഥനക്കെത്താറുള്ള സെക്രട്ടേറിയറ്റിനു സമീപത്തെ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പൊതു ദർശനത്തിനു വയ്ക്കും.

തുടർന്നു കെപിസിസി ആസ്ഥാനത്തെ പൊതുദർശനത്തിനുശേഷം തിരുവനന്തപുരത്തെ വസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടു പോകും. നാളെ രാവിലെ ഏഴിന് വിലാപയാത്രയായാണ് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടു പോകുക. കോട്ടയം തിരുനക്കരയിൽ പൊതുദർശനത്തിനു വച്ചശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച രണ്ടിന് പുതുപ്പള്ളിയിൽ സംസ്കരിക്കും.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്.
രണ്ട് തവണ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു. 2004 മുതൽ 2006വരെയും 2011 മുതൽ 2016വരെയുമാണ് മുഖ്യമന്ത്രിയായിരുന്നത്. 2006 മുതൽ 2011 വരെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായിട്ടാണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പളളി എംഡി സ്കൂൾ, പുതുപ്പള്ളി ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം ലോ കോളജില്‍നിന്നു നിയമബിരുദം കരസ്ഥമാക്കി.

കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കം കുറിച്ചത്. കെഎസ് യു സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, യു ഡി എഫ് കണ്‍വീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

എഐസിസി ജനറൽ സെക്രട്ടറിയും വർക്കിംഗ് കമ്മിറ്റി അംഗവുമായി. 1970 നും 2021നുമിടയിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് ജയിച്ചു കയറി. 2020ൽ നിയമസഭ അംഗത്വത്തിന്‍റെ 50ാം വാര്‍ഷികം ആഘോഷിച്ചു.

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 1991ൽ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും പ്രവർത്തിച്ചു. 1982 നിയമസഭാകക്ഷി ഉപനേതാവ്. 1982-86 കാലത്ത് യുഡിഎഫ് കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചു.

2004 ൽ എ.കെ. ആന്‍റണി രാജിവച്ചതിനെ തുടർന്നാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി തുടർന്നു. 2006 മുതൽ 2011 പ്രതിപക്ഷ നേതാവായി.

Related Articles

Back to top button