ആലിസ് സ്പ്രിങ്സ്: ലോക മാതൃഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന് കീഴിലുള്ള മലയാളം മിഷൻ നൽകിവരുന്ന മലയാണ്മ 2025 പുരസ്കാര നേട്ടത്തിൽ മലയാളം മിഷൻ ആലിസ് സ്പ്രിങ്സ് ചാപ്റ്റർ.
പ്രത്യേക ജൂറി പരാമർശമാണ് ആലിസ് സ്പ്രിങ്സ് ചാപ്റ്ററിന് ലഭിച്ചത്. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ മാസം 21ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.
ഓസ്ട്രേലിയയിലെ തദ്ദേശീയർ കൂടുതലുള്ള സ്ഥലമാണ് ആലിസ് സ്പ്രിങ്സ്. ഏകദേശം 500 ഓളം മലയാളികളും ഇവിടെ ജോലി ചെയ്യുന്നുണ്ട്. മലയാളികൾക്ക് ഏറെ സുപരിചിതമായ പുരോഗമന കലാ സാംസ്കാരിക സംഘടനയായ നവോദയ ഓസ്ട്രേലിയയാണ് മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. നവോദയയുടെ മുതിർന്ന അംഗം ജോളി ജോർജ് ആണ് ഈ ആശയം മുന്നോട്ടുവച്ചത്.
മലയാളം മിഷൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് നവോദയയുടെ ആലിസ് സ്പ്രിങ്സ് യൂണിറ്റ് അംഗമായ ശിഹാബ് അബ്ദുൽ റഹിമാൻ ആണ്. കഴിഞ്ഞ 20 വർഷത്തിലേറെയായി വിവിധ രാജ്യങ്ങളിലായി അധ്യാപക മേഖലയിൽ സേവനം അനുഷ്ഠിച്ചുവരുന്ന അദ്ദേഹം നിലവിൽ ആലിസ് സ്പ്രിങ്സ് മലയാളി അസോസിയേഷൻ സെക്രട്ടറി കൂടിയാണ്.
മലയാളം മിഷൻ ഏർപ്പെടുത്തിയ പ്രത്യേക പരിശീലനം പൂർത്തിയാക്കിയ നോബിൾ ജോസ്, ഷനിത സുനീഷ്, ബിഥുന മുരുകൻ, അനു ജോജോ, ഷീന രഞ്ജിത്ത്, സീന സുഭാഷ് തുടങ്ങിയ അധ്യാപകരുടെ കൂട്ടായ പ്രവർത്തനങ്ങൾ ഈ ചാപ്റ്ററിന്റെ കരുത്ത് വർധിപ്പിക്കുന്നു.
“എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന മുദ്രാവാക്യവുമായി മലയാള ഭാഷ പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗവാസനകളെ വളർത്തിക്കൊണ്ടുവരാൻ വേണ്ട പ്രവർത്തനങ്ങളും ഈ ചാപ്റ്ററിൽ നടക്കുന്നു. മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന മികച്ച പിന്തുണ ഈ പ്രവർത്തങ്ങൾക്ക് വലിയ പ്രചോദനമാകുന്നുണ്ട്.
മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ മുരുകൻ പാണ്ഡ്യൻ (ചെയർമാൻ), രഞ്ജിത് ചാക്കോ (പ്രസിഡന്റ്), ജോജോ തോട്ടുങ്കൽ (സെക്രട്ടറി), ചാപ്റ്റർ കോഓർഡിനേറ്റർ ശിഹാബ്, അസിസ്റ്റന്റ് കോഓർഡിനേറ്റർ നോബിൾ ജോസ്, എക്സിക്യൂട്ടീവ് അംഗം പ്രവീൺ പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു. പുതുവർഷത്തെ ക്ലാസുകൾ നാളെ തന്നെ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിലെ എക്സിക്യൂട്ടീവ്.