മൈഗ്രേഷന്‍ കോണ്‍ക്ലേവിന് തിരുവല്ലയില്‍ ഇന്ന് തുടക്കം

പത്തനംതിട്ട: ആഗോള പ്രവാസി മലയാളി സംഗമം മൈഗ്രേഷന്‍ കോണ്‍ക്ലേവിന് ഇന്ന് തിരുവല്ലയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.

കോണ്‍ക്ലേവില്‍ 3000 പേര്‍ നേരിട്ടും ഒരു ലക്ഷം പേര്‍ ഓണ്‍ലൈനായും പങ്കെടുക്കും. 75 വിദേശ രാജ്യങ്ങളില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ രൂപരേഖ തയ്യാറാക്കും.

സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍, എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കള്‍ അടക്കമുള്ളവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. മുന്‍ ധന മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ എകെജി പഠന ഗവേഷണ കേന്ദ്രമാണ് പ്രവാസി സംഗമം സംഘടിപ്പിക്കുന്നത്.

ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയ്ക്ക് പുറമെ വിദേശ റിക്രൂട്ട്‌മെന്റിനുള്ള സാധ്യതകളും കോണ്‍ക്ലേവ് ലക്ഷ്യമിടുന്നു. ഒരു ലക്ഷത്തിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യ, ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിങ്ങനെ നാല് ആഗോള മേഖലകളായി തിരിച്ച് വയോജന സംരക്ഷണം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ, നൈപുണ്യ പരിശീലനം, സംരഭകത്വ വികസനം എന്നിവ പ്രധാന വിഷയങ്ങളാക്കിയാണ് ആഗോള സമ്മേളനം ചേരുക.

Exit mobile version