ഓസ്ട്രേലിയയിലെ ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബവേര് തലശ്ശേരിയിൽ

തലശ്ശേരി: 1974ലെ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയയിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മലയാളി മാലിനി പാലത്തിൽ ബെല്ലിന്റെ കുടുംബവേരുകൾ ഇപ്പോഴും തലശ്ശേരിയിലുണ്ട്.

മാലിനിയുടെ സഹോദരൻ റോബർട് ഐമറിയുടെ ഭാര്യ കമലയും മകൾ വിദ്യയും അവരുടെ മക്കളുമാണ് തലശ്ശേരി ചേറ്റംകുന്നിലെ പാലത്തിൽവീട്ടിൽ ഇപ്പോൾ താമസിക്കുന്നത്. ഗൾഫിൽ ഇന്ത്യൻ‍ സ്കൂളിൽ അധ്യാപികയായ വിദ്യ അവധിക്കു നാട്ടിലെത്തിയതാണ്.

‘ശോഭ, പ്രകാശ് (ജോൺ) എന്നിവരായിരുന്നു മാലിനി ആന്റിയുടെ മക്കൾ. 17 വയസ്സുവരെ ഇവിടെയാണ് അവർ പഠിച്ചതും വളർന്നതും. പിന്നീട് ഓസ്ട്രേലിയയിലേക്കു കുടിയേറി. ക്രിസ്മസിനും പുതുവത്സരത്തിനുമൊക്കെ കാർഡുകൾ അയയ്ക്കുമായിരുന്നു. പിന്നീട് അതു നിലച്ചു. വർഷങ്ങൾക്കു ശേഷം എന്റെ ചേച്ചി ജ്യോതി ഓസ്ട്രേലിയയിൽ പോയപ്പോൾ ശോഭയെയും പ്രകാശിനെയും കണ്ടിരുന്നു. അന്ന് ഞങ്ങളെയെല്ലാം വിളിച്ചു സംസാരിച്ചു. പിന്നീട് വീണ്ടും ബന്ധം മുറിഞ്ഞുപോയി’ – വിദ്യ പറഞ്ഞു.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രികൂടിയായ മലയാളി ജിൻസൺ ആന്റോ ചാൾസാണ് സുഹൃത്തിന്റെ സഹായത്തോടെ മാലിനിയുടെ കല്ലറ കണ്ടെത്തിയത്. ഡാർവിനിലെ ജനറൽ സെമിത്തേരിയിലെ കല്ലറയിൽ പുഷ്പചക്രം സമർപ്പിക്കുന്ന ഫോട്ടോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഇതുകണ്ട് മാലിനിയെക്കുറിച്ചു തനിക്കറിയാവുന്ന വിവരങ്ങൾ തലശ്ശേരി സ്വദേശിയായ സതീഷ് വില്യംസ്, ജിൻസൺ ആന്റോ ചാൾസിനു കൈമാറിയിരുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽനിന്നു വിരമിച്ച സതീഷ് ഇപ്പോൾ തലശ്ശേരി ടൗൺ റോഡിലാണ് താമസം.

‘എന്റെ അച്ഛന്റെ സഹോദരീഭർത്താവ് കോഴിക്കോട് പിയേഴ്സ് ലെസ്‌ലി കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാലിനിയുടെ ഭർത്താവ് ടി.എ.ബെല്ലും അവിടെയാണു ജോലി ചെയ്തിരുന്നത്. ബെൽ സ്കോ‌ട്‌ലൻഡുകാരനാണെന്നാണ് ഓർമ.

മാലിനിയുടെ മരണശേഷം, തലശ്ശേരിയിലുണ്ടായിരുന്ന അവരുടെ അമ്മയെ കാണാൻ ബെല്ലും മകൾ ശോഭയും വന്നതിന്റെ ചെറിയൊരു ഓർമയുണ്ട്’ – സതീഷ് വില്യംസ് പറഞ്ഞു.

Related Articles

Back to top button