കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോക കേരള സഭ
തിരുവനന്തപുരം: മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോക കേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ.
മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ മന്ത്രി പി. രാജീവാണ് സമീപന രേഖ അവതരിപ്പിച്ചത്.
പ്രവാസി ക്ഷേമവും നാടിന്റെ വികസന പ്രവർത്തനങ്ങളും സമന്വയിപ്പിക്കുന്നതിൽ ലോക കേരള സഭ ലക്ഷ്യം കണ്ടു. പ്രവാസികൾ ഉൾപ്പെടെയുള്ള മലയാളി സമൂഹത്തിൽ ജാതി, മത, വർഗ, രാഷ്ട്ര ഭേദമെന്യേയുള്ള കൂട്ടായ്മ രൂപപ്പെടുത്തുന്നതിൽ ലോക കേരള സഭ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രളയം, കോവിഡ് തുടങ്ങി നാടിനെ പിടിച്ചുലച്ച സാഹചര്യങ്ങളിലെല്ലാം കേരളം ഇതിനു സാക്ഷ്യം വഹിച്ചതാണ്. യുക്രൈൻ യുദ്ധ സമയത്ത് അതിർത്തി കടന്ന മലയാളി വിദ്യാർത്ഥികളെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ലോക കേരള സഭ അംഗങ്ങളുടെ ഇടപെടൽ നിർണായകമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.3 ലക്ഷം കോടി രൂപയാണ് പ്രവാസികൾ കേരളത്തിലേക്ക് അയച്ചതെന്നും സമീപന രേഖ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാൽ കോവിഡ് മഹാമാരി കാലത്ത് 17 ലക്ഷം പ്രവാസികൾ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
രണ്ടാം ലോക കേരള സഭ സമ്മേളന നിർവഹണം, പ്രവാസത്തിന്റെ മാറുന്ന ഭൂപടം, പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും, പ്രവാസവും നാടിന്റെ വികസനവും, മൂന്നാം ലോക കേരള സഭയിൽ ചർച്ച ചെയ്യേണ്ട വിഷയ മേഖലകൾ തുടങ്ങി പ്രധാനപ്പെട്ട അഞ്ച് ഭാഗങ്ങളാണ് സമീപന രേഖയിൽ ഉൾക്കൊള്ളുന്നത്.
ആദ്യ ലോക കേരള സഭയ്ക്ക് ശേഷം പ്രവാസികളുടെ നിക്ഷേപം നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് കേരള ഹോൾഡിങ് ലിമിറ്റഡ്, വിദേശത്ത് നിന്ന് തിരിച്ചെത്തിയ വനിതകളുടെ ഉന്നമനത്തിനും പ്രശ്ന പരിഹാരത്തിനായി ആരംഭിച്ച പ്രവാസി വനിതാ സെൽ, പ്രവാസി ഗവേഷക കേന്ദ്രം, സഹകരണ സംഘം എന്നിവ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്.
ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ട്രിപ്പിൾ വിൻ കരാർ ഒപ്പുവെച്ചത് നേട്ടമാണ്. വിദഗ്ധ തൊഴിലാളികൾക്ക് ജർമനിയിൽ പ്രത്യേക സ്റ്റാറ്റസ് ഓഫ് റസിഡൻസ് ഒരുക്കുന്ന SSW പദ്ധതിക്ക് കേരളത്തിൽ നിന്നുള്ള നോഡൽ ഏജൻസിയായി തിരഞ്ഞെടുത്തത് നോർക്കയെയാണ്.
കൂടാതെ മാലദ്വീപ്, സൗദി അറേബ്യ, യു. കെ തുടങ്ങിയ രാജ്യങ്ങളുമായി ആരോഗ്യ മേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് ശക്തിപ്പെടുത്തുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു.
1.8 കോടി ഇന്ത്യക്കാർ പ്രവാസികൾ
രാജ്യത്ത് ഏകദേശം 1.8 കോടി ഇന്ത്യക്കാർ പ്രവാസികളാണ്. 2019 ൽ ഇന്ത്യ പുറത്തിറക്കിയ പുതിയ കുടിയേറ്റ നിയമത്തിന്റെ കാർഡ് രൂപത്തിൽ പ്രവാസി എന്ന നിർവചനത്തിൽ പ്രവാസികളുടെ കുടുംബാംഗങ്ങളും വിദ്യാർത്ഥികളും ഉൾപ്പെടാത്തതും പ്രവാസികളുടെ പുനരധിവാസം പൂർണമായും സംസ്ഥാനങ്ങളുടെ ചുമതലയാണെന്നതുമുൾപ്പെടെ നിരവധി പോരായ്മകളുണ്ട്. ഇത് സംബന്ധിച്ച് ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ട്.
പ്രവാസി ക്ഷേമത്തിനായി എംബസികളും കോൺസുലേറ്റുകളും നടപ്പാക്കുന്ന പ്രവർത്തനങ്ങൾ കാര്യക്ഷമമാകുന്നില്ല.
മുന്നറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടൽ, കുറഞ്ഞ വേതനം, ശമ്പളം നൽകാതിരിക്കൽ തുടങ്ങിയവ പ്രവാസികൾ അനുഭവിക്കുന്ന പ്രശനങ്ങളിൽ ചിലത് മാത്രമാണെന്ന് സമീപന രേഖയുടെ മൂന്നാം ഭാഗത്ത് വ്യക്തമാക്കുന്നു.
പ്രവാസികളുടെ റിക്രൂട്മെന്റ് മുതൽ മടങ്ങി വരുന്നവരുടെ പുനരധിവാസം വരെ ഉറപ്പാക്കുന്ന നോർക്ക റൂട്സിനു ആവശ്യമായ മാനവവിഭവ ശേഷി ഉറപ്പാക്കണം, ഇതിനായി കൃത്യമായ സ്റ്റാഫ് സ്ട്രക്ച്ചർ ഉറപ്പുവരുത്തി സ്ഥാപനത്തെ വിപുലീകരിക്കണം.
വിദേശ രാജ്യങ്ങളിൽ വിദഗ്ധ തൊഴിലവസരങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനുതകുന്ന അന്തർദേശീയ നിലവാരത്തിലുള്ള നൈപുണ്യ വികസന സംവിധാനങ്ങൾ ആവിഷ്കരിക്കണം.
കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് ഘടനയാക്കി മാറ്റി നവകേരളം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള നോളേജ് ഇക്കണോമിക് മീസാൻ വഴി തൊഴിലുകൾ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. ഉയർന്ന യോഗ്യതയും നൈപുണ്യവുമുള്ള തിരികെയെത്തിയ പ്രവാസികൾക്ക് ഇതുപകാരപ്പെടും.
ലോകത്തെ മികച്ച സർവകലാശാലകളിലും ലബോറട്ടറികളിലും സേവനമനുഷ്ഠിക്കുന്ന മലയാളി ഗവേഷകരുടെയും വിദഗ്ധരുടെയും സേവനം ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉപയോഗപ്പെടുത്താനാകുമെന്നും സമീപന രേഖയുടെ നാലാം ഭാഗം പ്രതിപാദിക്കുന്നു.
സർക്കാർ സംവിധാനങ്ങളിൽ ലഭ്യമായിട്ടുള്ള സംഗീത, സാഹിത്യ, സിനിമാ ശേഖരത്തിൽ നിന്ന് പ്രതിഫലം ഈടാക്കി ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ ഏകജാലക സംവിധാനത്തിന്റെ സാധ്യതകളും സമീപന രേഖയിൽ വ്യക്തമാക്കുന്നു.
എട്ടു വിഷയ മേഖലകൾ ഏഴു ഗ്രൂപ്പുകളായി തിരിച്ചാണ് മൂന്നാം ലോക കേരള സഭ ചർച്ച ചെയ്യുക. ജനപ്രതിനിധികളും പ്രവാസികളുമുൾപ്പെടെ ആകെ 351 അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.