സഖാവ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ (68) അന്തരിച്ചു.
ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അർബുദബാധിതനായിരുന്ന കോടിയേരിയുടെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് തലശേരിയിൽ നടക്കും.
2006 മുതൽ 2011 വരെ ആഭ്യന്തര, വിനോദസഞ്ചാരവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി പ്രവർത്തിച്ചു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു.
തലശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്.
2015 ഫെബ്രുവരിവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഎം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
2018 ൽ തൃശൂരിൽ രണ്ടാം വട്ടവും സംസ്ഥാനസെക്രട്ടറിയായി. കഴിഞ്ഞ ഓഗസ്റ്റ് 28 ന് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനമൊഴിയുകയും ചെയ്തു.
കണ്ണൂർ കല്ലറ തലായിൽ എൽപി സ്കൂൾ അധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16ന് ആണ് കോടിയേരിയുടെ ജനനം.
കോടിയേരിക്ക് ആറുവയസുള്ളപ്പോള്‍ അച്ഛന് മരിച്ചു. തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്.
സിപിഎം നേതാവും തലശേരി മുൻ എംഎൽഎയുമായ എം.വി. രാജഗോപാലിന്റെ മകളും തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റർ ജീവനക്കാരിയുമായ എസ്. ആർ. വിനോദിനിയാണ് ഭാര്യ. മക്കൾ: ബിനോയ്, ബിനീഷ്. മരുമക്കൾ: ഡോ. അഖില, റിനീറ്റ.