നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്
തിരുവനന്തപുരം: കോവിഡ് ഭീഷണിക്കിടയിലും സംസ്ഥാന ഭരണം നിശ്ചയിക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. പ്രാഥമിക കണക്കനുസരിച്ച് സംസ്ഥാനത്ത് 74.02 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 80 വയസിനു മുകളിലുള്ളവരുടെ സ്പെഷൽ തപാൽ വോട്ടും തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ജീവനക്കാരുടെ തപാൽ വോട്ടും അടക്കം കണക്കാക്കുന്പോൾ രണ്ടു മുതൽ നാലു വരെ ശതമാനം ഉയരാമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്.
അങ്ങനെയെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമെങ്കിലും വോട്ടിംഗ് ശതമാനമെത്താം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു പോളിംഗ്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 74.53 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കോഴിക്കോട് ജില്ലയിൽ, 78.01 ശതമാനം. കുറവ് പത്തനംതിട്ട ജില്ലയിലും- 67.1 ശതമാനം. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.
വോട്ടെടുപ്പിനോടനുബന്ധിച്ച് ഒറ്റപ്പെട്ട അക്രമസംഭവങ്ങളുമുണ്ടായി. സംസ്ഥാനത്താകെ 150 കണ്ട്രോൾ യൂണിറ്റുകളും 747 വിവി പാറ്റ് മെഷാനുകളും തകരാറിലായി. ഇതേത്തുടർന്ന് വോട്ടിംഗ് കുറച്ചു സമയം തടസപ്പെട്ടു. 20,478 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് നടത്തി.
രാവിലെ ഏഴിന് പോളിംഗ് ആരംഭിച്ചതു മുതൽ പോളിംഗ് ബൂത്തുകൾക്കു മുൻപിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ആദ്യ രണ്ടു മണിക്കൂറിനുള്ളിൽ 15 ശതമാനത്തോളം പേർ വോട്ട് രേഖപ്പെടുത്തി. രാവിലെ നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഉയർന്ന പോളിംഗ് ശതമാനമാണു രേഖപ്പെടുത്തിയത്.
രാവിലെ പത്തുവരെ 20.20 ശതമാനം പേർ വോട്ട് ചെയ്തു. രാവിലെ പുരുഷന്മാരാണു കൂടുതലായി വോട്ട് ചെയ്യാനെത്തിയത്. പത്തു വരെ വോട്ട് രേഖപ്പെടുത്തിയവരിൽ 22.48 ശതമാനം പേർ പുരുഷന്മാരും 18.06 ശതമാനം സ്ത്രീകളുമായിരുന്നു. തീരദേശ മേഖലയിലും രാവിലെ മുതൽ കനത്ത പോളിംഗ് രേഖപ്പെടുത്തി.
പതിനൊന്നരയോടെ മൂന്നിലൊന്നു ശതമാനം വോട്ട് രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞു രണ്ടോടെ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം 50 ശതമാനം പിന്നിട്ടു. എന്നാൽ, പിന്നീടുള്ള ഒന്നര മണിക്കൂറോളം മന്ദഗതിയിലായിരുന്നു പോളിംഗ്. കടുത്ത വെയിലാണ് ഈ സമയം വോട്ടിംഗ് ശതമാനം കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, വൈകുന്നേരത്തോടെ വോട്ടിംഗ് ശതമാനം വീണ്ടും ഉയർന്നു. 4.15നോടെ വോട്ടിംഗ് ശതമാനം 65 ആയി ഉയർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ 76.04 ശതമാനമായിരുന്നു പോളിംഗ്.
ജില്ല തിരിച്ചുള്ള വോട്ടിംഗ് ശതമാനം
തിരുവനന്തപുരം | 70.01 |
കൊല്ലം | 73.00 |
പത്തനംതിട്ട | 67.1 |
ആലപ്പുഴ | 74.7 |
കോട്ടയം | 72.1 |
ഇടുക്കി | 70.4 |
എറണാകുളം | 74.2 |
തൃശൂർ | 73.7 |
പാലക്കാട് | 76.2 |
മലപ്പുറം | 74.0 |
കോഴിക്കോട് | 78.01 |
വയനാട് | 77.7 |
കണ്ണൂർ | 77.8 |
കാസർഗോഡ് | 74.8 |