ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളിൽ കേരളവും

തിരുവനന്തപുരം: ലോകത്ത് കണ്ടിരിക്കേണ്ട മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തെയും ഉൾപ്പെടുത്തി ടൈം മാഗസിൻ. ഇന്ത്യയിൽനിന്ന് അഹമ്മദാബാദ് നഗരവും ടൈം മാസികയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേരളം ടൈം മാഗസിൻ പട്ടികയിൽ ഉൾപ്പെട്ട കാര്യം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.

ഈ സർക്കാർ അധികാരമേൽക്കുമ്പോൾ കോവിഡ് പ്രതിസന്ധികൾ കാരണം തകർന്നു കിടക്കുകയായിരുന്നു വിനോദ സഞ്ചാര മേഖല.

കേരളത്തിൻ്റെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന വിനോദ സഞ്ചാര മേഖലയെ പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ചുമതലയേറ്റ ശേഷം നടത്തിയത്.

ബയോ ബബിൾ സംവിധാനം, ഇൻ കാർ ഡൈനിംഗ്, കാരവൻ ടൂറിസം എന്നിങ്ങനെ നൂതനമായ ആശങ്ങൾ നടപ്പിലാക്കിയും പ്രത്യേകമായി പ്രചരണം നൽകിയും കേരളത്തിൻ്റെ ടൂറിസം മേഖല പതിയെ വളർച്ച കൈവരിച്ചു തുടങ്ങി.

2022 ലെ ആദ്യ പാദ കണക്കുകൾ അനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് റിപ്പോർട്ട് ചെയ്‌തത് കേരള ടൂറിസത്തിന് വലിയ ഉണർവ്വായി. ഇപ്പോൾ ഇതാ മറ്റൊരു നേട്ടം കൂടി കേരളത്തെ തേടി എത്തിയിരിക്കുകയാണ്.

2022 ൽ യാത്ര ചെയ്യാവുന്ന ലോകത്തെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടി. ടൈം മാഗസിൻ പുറത്തുവിട്ട പട്ടികയിലാണ് കേരളത്തെ കുറിച്ച് പ്രത്യേകമായി പറഞ്ഞിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലമാണ് കേരളമെന്നും ബീച്ചുകളും കായലും മലനിരകളും കേരളത്തിൻ്റെ ആകർഷണമാണെന്നും ടൈം മാഗസിൻ റിപ്പോർട്ട് ചെയ്‌തു.

വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കിയ കാരവൻ ടൂറിസവും വാഗമണ്ണിലെ കാരവൻ പാർക്കും പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ടൈം മാഗസിൻ്റെ ഈ റിപ്പോർട്ട് കേരള വിനോദ സഞ്ചാര വകുപ്പിന് ലഭിച്ച അംഗീകാരമാണ്.

ലോകത്തിലെ തന്നെ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഉൾപ്പെട്ടത് വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ ഉണർവ്വേകും – മന്ത്രി പറഞ്ഞു.

Related Articles

Back to top button