ന്യൂഡല്‍ഹി: അന്താരാഷ്ട്ര സ്റ്റുഡന്റ് വിസ ഫീസ് കുത്തനെ ഉയര്‍ത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നേരത്തെ 710 ഓസ്‌ട്രേലിയന്‍ ഡോളറായിരുന്നത് (ഏകദേശം 39,000 രൂപ) ജൂലൈ ഒന്ന് മുതല്‍ 1600 ഡോളര്‍ (88190 രൂപ) ആക്കിയിരുന്നു.
2024 ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഓസ്‌ട്രേലിയ ഇത് നടപ്പാക്കിയത്. വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന് പ്രതിഷേധം അറിയിച്ച് ഇന്ത്യ കത്ത് നല്‍കിയെന്ന് രാജ്യസഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് പറഞ്ഞു.
വിഷയത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിലെ പ്രതിനിധികളുമായി ഇന്ത്യ ചര്‍ച്ച നടത്തിയതായും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട മറ്റ് പല പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. ഉഭയകക്ഷി ബന്ധം വിദ്യാഭ്യാസ രംഗത്ത് ശക്തിപ്പെടുത്തി കൊണ്ടുതന്നെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനാണ് ശ്രമമെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
ഇന്ത്യയിലെ മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ധന ശക്തമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി.
ഓസ്‌ട്രേലിയയിലെ സ്റ്റുഡന്റ് ഫീസ് വര്‍ധന വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയില്‍ പഠിക്കുന്ന വലിയ വിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
രാജ്യത്ത് ജീവിത ചെലവ് കൂടിയതും പാര്‍ട് ടൈം ജോലി ലഭിക്കാനുള്ള പ്രയാസവും വിദ്യാര്‍ത്ഥികളെ കൂടുതല്‍ ബാധിച്ചിട്ടുണ്ട്. പെട്ടെന്നുള്ള ഫീസ് വര്‍ധന ഭാവിയില്‍ വിദ്യാര്‍ത്ഥി കുടിയേറ്റത്തെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്.