ഐഎച്ച്എന്‍എ ജനരക്ഷ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയയിലെ പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആന്‍ഡ് നഴ്‌സിംഗ് ഓസ്‌ട്രേലിയ (IHNA) കോവിഡ് കാലത്തെ റിപ്പോര്‍ട്ടിങ്ങിന് മാധ്യമസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ജനരക്ഷ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ശില്‍പ്പവും ബഹുമതിപത്രവും അടങ്ങുന്ന അവാര്‍ഡ് അന്തര്‍ദേശീയ നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ച് മെയ് ആറിന് വൈകിട്ട് മൂന്നിന് കൊച്ചി ലേമെറിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് കാലത്ത് മികച്ചരീതിയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയതിന് റെജി ജോസഫ് (ദീപിക), കൃപ നാരായണന്‍ (മീഡിയ വണ്‍), ലിജോ ടി ജോര്‍ജ് (മാതൃഭൂമി), പി എസ് റംഷാദ് (സമകാലിക മലയാളം) എന്നിവര്‍ക്ക് 25,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. മൂന്നംഗ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കേരളത്തിലെ ഏറ്റവും മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് തൃശൂര്‍ അമല കോളേജ് ഓഫ് നഴ്സിങ്ങിനും സമഗ്ര സംഭാവനയ്ക്ക് നഴ്സുമാര്‍ക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കൊല്ലം എന്‍എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കെ വിലാസിനി അമ്മയ്ക്കും നല്‍കും.

കോവിഡ് കാലത്തെ മികച്ച സേവനം പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായി നഴ്സുമാര്‍ക്കുള്ള അവാര്‍ഡ് ഡോ. സുചിത എലവള്ളി, ഒ ശിശിര സുരേഷ്, ക്ലിയ റോസ്, റിയമോള്‍ ടോമി, ആര്‍ ചൈത്ര, സിസ്റ്റര്‍ അഭയ, ഡോ. സുനില്‍ മൂത്തേടത്ത്, ജോമി ജോസ് കൈപ്പരേറ്റു, സന്ധ്യ ജലീഷ്, ടി വൈ റീന, കെ ജെ ഷേര്‍ളി എന്നിവര്‍ക്കും നല്‍കും.

ഐഎച്ച്എന്‍എ മീഡിയ അഡൈ്വസര്‍ തിരുവല്ലം ഭാസി, ഡോ. ഫിലോമിന ജേക്കബ്, ബി വിദ്യാലക്ഷ്മി, ഡോ. ആര്‍ ലത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Exit mobile version