ബനഡിക്ട് പതിനാറാമൻ പാപ്പാ ദിവംഗതനായി
വത്തിക്കാൻ സിറ്റി: എമരിറ്റസ് മാർപാപ്പ ബനഡിക്ട് പതിനാറാമൻ ദിവംഗതനായി.
ആഗോള കത്തോലിക്കാസഭയെ എട്ടു വർഷം നയിച്ചശേഷം സ്ഥാനത്യാഗംകൊണ്ടു ലോകത്തെ അദ്ഭുതപ്പെടുത്തിയ അദ്ദേഹത്തിന്റെ അന്ത്യം തൊണ്ണൂറ്റിയഞ്ചാം വയസിലായിരുന്നു.
പ്രാർഥനാനിരതനായി വിശ്രമജീവിതം നയിച്ചിരുന്ന വത്തിക്കാനിലെ മത്തേർ എക്ലേസിയേ ആശ്രമത്തിൽ ഇന്നലെ ഇറ്റാലിയൻ സമയം രാവിലെ 9.34ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.04) ആയിരുന്നു അന്ത്യം.
വ്യാഴാഴ്ച ഇറ്റാലിയൻ സമയം രാവിലെ 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.00) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആരംഭിക്കുന്ന അന്ത്യകർമശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും.
സെന്റ് പീറ്റേഴ്സ് ബസിലി ക്കയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ സൗകര്യമുണ്ടായിരിക്കും.
ജോൺ പോൾ രണ്ടാമൻ മാർപാപ്പ ദിവംഗതനായതിനെത്തുടർന്നാണ് 2005 ഏപ്രിൽ 19നാണ് 265-ാം മാർപാപ്പയായി കർദിനാൾ തിരുസംഘത്തിന്റെ ഡീൻ പദവി വഹിച്ചിരുന്ന കർദിനാൾ ജോസഫ് അലോഷ്യസ് റാറ്റ്സിംഗറെ തെരഞ്ഞെടുത്തത്.
2005 ഏപ്രിൽ 24ന് ബനഡിക്ട് പതിനാറാമൻ എന്നു പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിന്റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു.
അനാരോഗ്യം ചൂണ്ടിക്കാട്ടി 2013 ഫെബ്രുവരി 11ന് സ്ഥാനത്യാഗം പ്രഖ്യാപിച്ച ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28ന് സ്ഥാനമൊഴിഞ്ഞു.
തുടർന്ന് മത്തേർ എക്ലേസിയേ ആശ്രമത്തിൽ പ്രാർഥനാനിരതനായി വിശ്രമജീവിതം നയിച്ചിരുന്ന എമരിറ്റസ് മാർപാപ്പയുടെ ആരോഗ്യനില പ്രായാധിക്യം മൂലം വഷളായ കാര്യം വത്തിക്കാൻ ബുധനാഴ്ച അറിയിച്ചിരുന്നു.
അന്നു തന്നെ അദ്ദേഹം വിശുദ്ധ കുർബാനയ്ക്കുശേഷം രോഗീലേപനവും സ്വീകരിച്ചു. ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ സന്ദർശിക്കുകയും ലോകത്തോട് പ്രാർഥനാ സഹായം തേടുകയുമുണ്ടായി.
ജർമനിയിലെ ബവേറിയ സംസ്ഥാനത്തെ മാർക്റ്റൽ ആം ഇൻ ഗ്രാമത്തിൽ ജോസഫ് റാറ്റ്സിംഗർ സീനിയറിന്റെയും മരിയ പെയിന്റ്നറിന്റെയും മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16നാണ് ജോസഫ് അലോഷ്യസ് റാറ്റ്സിംഗർ ജനിച്ചത്.
അന്നുതന്നെ മാമ്മോദീസയും സ്വീകരിച്ചു. ഹിറ്റ്ലറിനോടും നാസികളോടും കടുത്ത എതിർപ്പു പ്രകടിപ്പിച്ച റാറ്റ്സിംഗർ കുടുംബം വലിയ ഉപദ്രവങ്ങൾ നേരിട്ടിരുന്നു.
1945ൽ ജോസഫ് റാറ്റ്സിംഗറും സഹോദരൻ ജോർജ് റാറ്റ്സിംഗറും ട്രൗൺസ്റ്റൈനിലെ സെന്റ് മൈക്കിൾ സെമിനാരിയിൽ ചേരുകയും 1951ൽ ഒരുമിച്ചു തിരുപ്പട്ടം സ്വീകരിക്കുകയും ചെയ്തു.
ജോസഫ് റാറ്റ്സിംഗർ 1977 മാർച്ചിൽ ജർമനിയിലെ മ്യൂണിക്ക്- ഫ്രൈസിംഗ് അതി രൂപയുടെ ആർച്ച്ബിഷപ്പായി നിയോഗിക്കപ്പെട്ടു. അതേ വർഷം ജൂണിൽ കർദിനാൾ തിരുസംഘത്തിലും അംഗമായി.
ദൈവശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ജോസഫ് റാറ്റ്സിംഗർ എൺപതുകൾ മുതൽ സഭയുടെ ആധ്യാത്മിക ധിഷണാമുഖമായിരുന്നു. സഭയുടെ മതബോധനഗ്രന്ഥം ചിട്ടപ്പെടുത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ പ്രസിഡന്റ് (1982-2005), ഇന്റർനാഷണൽ തിയോളജിക്കൽ കമ്മീഷൻ പ്രസിഡന്റ് (1982-2005), വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷൻ (1982-2005), കർദിനാൾ കോളജിന്റെ ഡീൻ (2002-2005) തുടങ്ങിയ ഉന്നതപദവികൾ വഹിച്ചിട്ടുണ്ട്.