ന്യൂഡൽഹി: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നീ കോവിഡ് വാക്സിനുകൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതി.
രണ്ടു വാക്സിനുകളും 100 ശതമാനം സുരക്ഷിതമാണെന്നു പറഞ്ഞ ഡ്രഗ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ), കോവിഷീൽഡ് 70.42 ശതമാനം ഫലപ്രദവും കോവാക്സിൻ ശക്തമായ രോഗപ്രതിരോധ ശേഷിയുള്ളതാണെന്നും അറിയിച്ചു.
ഓക്സ്ഫഡ് സർവകലാശാല, അസ്ട്രാസനേക എന്നിവരുമായി ചേർന്നാണു സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഷീൽഡ് വാക്സിൻ വികസിപ്പിച്ചെടുത്തത്.
ഭാരത് ബയോടെക് ഐസിഎംആറിന്റെ സഹകരണത്തോടെ കോവാക്സിനും വികസിപ്പിച്ചു.
രണ്ടു വാക്സിനുകളും അടിയന്തര ഉപയോഗത്തിന് അനുമതി നൽകാവുന്നതാണെന്നു കഴിഞ്ഞദിവസം ചേർന്ന സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശിപാർശ ചെയ്തിരുന്നു.
ഇതോടൊപ്പം വിദഗ്ധ സമിതി ശിപാർശ ചെയ്ത സൈഡസ് കാഡിലയുടെ സൈകോവ്- ഡി വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും ഡിസിജിഐ നൽകിയിട്ടുണ്ട്.
സൈകോവ് ഡി വാക്സിനൊപ്പം റഷ്യയുടെ സ്ഫുട്നിക്- അഞ്ച്, ഫൈസർ തുടങ്ങിയ വാക്സിനുകളും അനുമതി തേടി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമായ രണ്ടു വാക്സിനുകളും രണ്ടു മുതൽ എട്ടു വരെ ഡിഗ്രി സെൽഷസിലാണു സൂക്ഷിക്കേണ്ടത്.
ആദ്യഘട്ടത്തിൽ കോവിഷീൽഡിന്റെ അഞ്ചു കോടിഡോസുകളും കോവാക്സിന്റെ ഒരു കോടി ഡോസുകളുമാണ് വിതരണത്തിനായി തയാറാക്കിയിരിക്കുന്നത്.
ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ കോവിഡ് മുന്നണി പോരാളികൾക്കും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്കും വിതരണം നടത്താനാണു സർക്കാരിന്റെ പദ്ധതി.
വാക്സിൻ വിതരണത്തിനുള്ള ഡ്രൈ റൺ കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളിലുമായി പൂർത്തിയാക്കിയിരുന്നു.
ചെറിയ തോതിലുള്ള സുരക്ഷാ പാളിച്ചയുണ്ടെന്നു കണ്ടെത്തിയാൽ വാക്സിൻ വിതരണത്തിന് അനുമതി നൽകില്ലെന്നു ഡിസിജിഐ ഡോ. വി.ജി. സൊമാനി പറഞ്ഞു.
ആവശ്യമായ എല്ലാ പരിശോധനകൾക്കും ശേഷമാണു വാക്സിനുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. പനി, ശരീരവേദന, അലർജി എന്നിങ്ങനെയുള്ള പാർശ്വഫലങ്ങൾ എല്ലാ വാക്സിനുകൾക്കും സാധാരണയായി ഉണ്ടാകാറുള്ളതാണ്.
വാക്സിൻ ഉപയോഗിച്ചു കഴിഞ്ഞാൽ വന്ധ്യത ഉണ്ടാകുമെന്ന കിംവദന്തികൾ അസംബന്ധമാണെന്നു അദ്ദേഹം പറഞ്ഞു.