കൊച്ചി: ശബരിമലയിലെ പോലീസ് ഇടപെടലിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് കോടതിയുടെ രൂക്ഷ വിമർശനം. പബ്ലിസിറ്റി സ്റ്റണ്ട് നടത്താന്‍ കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി ശോഭയ്ക്ക് താക്കീത് നൽകി. അവർ സമർപിച്ച ഹർജി നിരുപാധികം തള്ളിക്കളഞ്ഞ കോടതി 25,000 രൂപ പിഴ അടയ്ക്കാനും വിധിച്ചിട്ടുണ്ട്.
വികൃതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ശോഭ ഹര്‍ജി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത്തരം വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ദുരുപയോഗം ചെയ്യരുതെന്നും താക്കീത് നല്കി. അനാവശ്യമായ ഹര്ജിയാണിതെന്നു നിരീക്ഷിച്ച കോടതി സമയം വെറുതേ പാഴാക്കിയെന്നും പരിഹസിച്ചു. കോടതിയുടെ രൂക്ഷവിമർശനങ്ങൾക്ക് തൊട്ടുപിന്നാലെ ശോഭ മാപ്പു പറഞ്ഞു തടിതപ്പി.
ശോഭാ സുരേന്ദ്രനെതിരായ നടപടി എല്ലാവര്ക്കും പാഠമായിരിക്കണമെന്നും കോടതി പറഞ്ഞു. പിഴയായി വിധിച്ച തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിയിലേക്ക് അടയ്ക്കാനും കോടതി ഉത്തരവിട്ടു.