വീണ്ടും സിബിഐ ഡയറക്ടറെ മാറ്റി; തീരുമാനം സെലക്ഷൻ കമ്മിറ്റി യോഗത്തിൽ

January 11, 2019

ഡൽഹി: വീണ്ടും സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ മാറ്റി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് ഫയർ സർവീസ് ഡയറക്ടർ ജനറലായാണ് വർമയെ മാറ്റുന്നത്. രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.

നേരത്തേ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ അർധരാത്രി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി തന്നെ അലോക് വർമ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്.

വൈകിട്ട് നാലരയോടെ സെലക്ഷൻ കമ്മിറ്റി യോഗം പുരോഗമിക്കുമ്പോൾത്തന്നെ മുൻ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വർ റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകളെല്ലാം അലോക് വർമ റദ്ദാക്കിയിരുന്നു. ഉപഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരായ കേസുകളെല്ലാം പുതിയ ഉദ്യോഗസ്ഥർ അന്വേഷിക്കാനം അലോക് വർമ ഉത്തരവിട്ടു. ഇതോടെ റഫാൽ ഉൾപ്പടെയുള്ള കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലും വർമ മടിക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വർമയെ മാറ്റാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനിക്കുന്നത്.

നേരത്തേ സിബിഐ ഡയറക്ടറായിരുന്ന സമയത്ത് അലോക് വർമയും ഉപഡയറക്ടറായ രാകേഷ് അസ്താനയും തമ്മിലുള്ള ഉൾപ്പോരിനെത്തുടർന്നാണ് കേന്ദ്രസർക്കാർ വർമയെ സ്ഥാനത്ത് നിന്ന് മാറ്റിയത്.

അർധരാത്രി സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് അലോക് വർമയെ പുറത്താക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിന് പിന്നാലെ ഹർജിയുമായി അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഒന്നരമാസത്തോളം വാദം കേട്ടതിന് ശേഷം അലോക് വർമയെ മാറ്റി നിർത്തിയ കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എന്നാൽ നയപരമായ തീരുമാനങ്ങൾ വർമ എടുക്കരുതെന്നും അദ്ദേഹം പദവിയിൽ തുടരുന്ന കാര്യം സെലക്ഷൻ കമ്മിറ്റിക്ക് തീരുമാനിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതനുസരിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ സെലക്ഷൻ കമ്മിറ്റി യോഗം തുടരവെയാണ് വർമ തന്ത്രപ്രധാനമായ തീരുമാനമെടുത്തത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷനേതാവ് - എന്നീ മൂന്ന് പേരടങ്ങുന്നതാണ് സെലക്ഷൻ കമ്മിറ്റി. നേരത്തേ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയിരുന്നു. വർമയ്ക്കെതിരായ കേസിൽ വിധി പറഞ്ഞത് താനടക്കമുള്ള ബഞ്ചാണെന്ന് കാണിച്ചാണ് ചീഫ് ജസ്റ്റിസ് പിന്മാറിയത്. പകരം സുപ്രീംകോടതി ജ‍‍ഡ്ജിയായ എ കെ സിക്രിയാണ് രഞ്ജൻ ഗൊഗോയിയുടെ പ്രതിനിധിയായി പങ്കെടുത്തത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb