വനിതാ മതില്‍ ചെലവ്: വാര്‍ത്ത അടിസ്ഥാനരഹിതം, സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ല

December 21, 2018

തിരുവനന്തപുരം: വനിതാ മതിലിന് സര്‍ക്കാര്‍ സഹായമുണ്ടാകില്ലെന്നും സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് പുറത്തിറക്കി. വനിതാ മതിലിനെക്കുറിച്ച് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഉദ്ദേശിച്ചാണ് സത്യവാങ്മൂലത്തെ തെറ്റായി വ്യാഖ്യാനിച്ചത്. വനിതാ മതിലിന് 50 കോടി രൂപ ചെലവാക്കുമെന്നും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും പത്രകുറിപ്പില്‍ പറയുന്നു.

സര്‍ക്കാരിന് വേണ്ടി സാമൂഹ്യനീതി വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 50 കോടി രൂപ വനിതാമതിലിന് ചെലവഴിക്കുമെന്നോ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി നടത്തുന്നതെന്നോ പറഞ്ഞിട്ടില്ലെന്നും ഇത് ആര്‍ക്കും പരിശോധിക്കാവുന്ന പരസ്യമായ രേഖയാണെന്നും പത്രകുറിപ്പിലുണ്ട്. എല്‍ ഡി എഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും 2018 -ലെ ബജറ്റ് പ്രസംഗത്തിലും സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് വിശദീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

'സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനുളള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ലിംഗനീതിയെക്കുറിച്ച് ആഴത്തില്‍ അവബോധമുളള സമൂഹമായി കേരളം മാറേണ്ടതുണ്ട്. എല്ലാതരത്തിലുമുളള സ്ത്രീവിരുദ്ധ പ്രവര്‍ത്തനങ്ങളെയും തുറന്നുകാണിക്കുന്നതിന് ശക്തമായ ആശയപ്രചാരണം ആരംഭിക്കണം. വിവിധ വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍, ജനപ്രതിനിധികള്‍, അഭിഭാഷകര്‍, ജഡ്ജിമാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കാളികളാക്കി വലിയ പ്രചാരണം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പരിപാടികളില്‍ വനിതാ വികസന വകുപ്പ് പ്രധാന പങ്ക് വഹിക്കും'. എന്നാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

2018-ലെ ബജറ്റ് പ്രസംഗത്തില്‍ സ്ത്രീശാക്തീകരണം സംബന്ധിച്ച് പറയുന്ന 67 മുതല്‍ 72 വരെയുളള ഖണ്ഡികകള്‍ സത്യവാങ്മൂലത്തിന്‍റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീശാക്തീകരണം, സ്ത്രീകളുടെ ക്ഷേമം എന്നിവ സംബന്ധിച്ച് ആശയപ്രചാരണം നടത്തുന്ന കാര്യം 2018 - 19 ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അത് എടുത്തുപറയുകയാണ് സത്യവാങ്മൂലത്തില്‍ ചെയ്തത്. സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച അത്തരം പരിപാടികളില്‍ ഒന്നാണ് വനിതാ-ശിശുക്ഷേമ വകുപ്പ് വഴി നടപ്പാക്കുന്ന വനിതാ മതില്‍ എന്നാണ് സര്‍ക്കാര്‍ വിശദീകരണം. പ്രളയദുരിതാശ്വാസത്തിന് ഉള്‍പ്പെടെയുളള ഫണ്ടുകള്‍ വകമാറ്റി ഇക്കാര്യത്തിന് ചെലവഴിക്കുന്നുവെന്നുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി വിവിധ പരിപാടികള്‍ക്ക് 50 കോടി രൂപ വകയിരുത്തിയത് 2018 ഫെബ്രുവരി 2 -ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലാണ്. ഈ അമ്പത് കോടിയില്‍ ഒരു പൈസ പോലും വനിതാ മതില്‍ സംഘാടനത്തിന് ചെലവഴിക്കില്ല. നവോത്ഥാനമൂല്യങ്ങളും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിന് വനിതാമതില്‍ സംഘടിപ്പക്കാന്‍ തീരുമാനിച്ചത് 2018 ഡിസംബര്‍ 1- ന്‍റെ സാമൂഹ്യ സംഘടനകളുടെ യോഗത്തിലാണ്. സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയങ്ങള്‍ക്ക് അനുസൃതമായിത്തന്നെയാണ് വനിതാമതില്‍ സംഘടിപ്പിക്കാനുളള തീരുമാനവും. അതുകൊണ്ടാണ് സാമൂഹ്യ സംഘടനകളുടെ യോഗത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയത്. വനിതാമതില്‍ സംഘാടനത്തിനുളള ചെലവ് ബന്ധപ്പെട്ട സംഘടനകള്‍ തന്നെ വഹിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.

വനിതാ മതില്‍ സംബന്ധിച്ച് സര്‍ക്കാരിന്‍റെ നിലപാടുകള്‍ പൊതുവില്‍ ഹൈക്കോടതി ശരിവെച്ചിരിക്കയാണ്. ഈ മാസം 20 -ാം തിയതിയിലെ ഉത്തരവില്‍ ഇക്കാര്യം വ്യക്തമാണെന്നും പത്രകുറിപ്പില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം കണക്കിലെടുത്തുകൊണ്ടാണ് നയപരമായ ഈ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞത്. പരിപാടിയുടെ സംഘാടനത്തിന് സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb