ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ, കേരളത്തിൽ ഏപ്രിൽ 23ന്, ഫലപ്രഖ്യാപനം മെയ് 23ന്

March 10, 2019

ഡൽഹി: പതിനേഴാം ലോക്സഭയിലേക്കുള്ള പൊതുതെര‍ഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു. ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 11നാണ് ആദ്യഘട്ടം തെരഞ്ഞെടുപ്പ്. കേരളത്തിൽ ഏപ്രിൽ 23നാണ് തെരഞ്ഞെടുപ്പ്. മേയ് 23നാണ് രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന വോട്ടെണ്ണൽ. തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. സോഷ്യൽ മീഡിയയിലെ ഉള്ളടക്കവും പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയിൽ വരും.

ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കുന്നത്. ഏപ്രിൽ 23ന് മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ്. ഏഴു ഘട്ടം തെരഞ്ഞെടുപ്പ് യഥാക്രമം- ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതികളിലായി നടക്കും. ഏകദേശം 90 കോടി വോട്ടർമാരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ളത്. 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ തയാറാക്കും.

ഒന്നാം ഘട്ടം (ഏപ്രിൽ 11ന്) 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം (ഏപ്രിൽ 18) 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം (ഏപ്രിൽ 23) 14 സംസ്ഥാനങ്ങളിലായി 150 മണ്ഡലങ്ങൾ, നാലാം ഘട്ടം (ഏപ്രിൽ 29) 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം (മേയ് 6) ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൾ, ആറാം ഘട്ടം (മേയ് 12) ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ, ഏഴാം ഘട്ടം (മേയ് 19) എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ.

* ആകെ 543 ലോക്സഭാ മണ്ഡലങ്ങൾ

* സോഷ്യൽ മീഡിയയിലെ ഉള്ളടക്കവും പെരുമാറ്റച്ചട്ടത്തിന്‍റെ പരിധിയിൽ വരും

* ആകെ വോട്ടർമാർ- ഏകദേശം 90 കോടി (2014ൽ- 81.45 കോടി)
പുതിയ വോട്ടർമാർ- 8.43 കോടി

* 18-19 വയസിനിടെയുള്ള വോട്ടർമാർ- 1.5 കോടി
പരിസ്ഥിതി സൗഹൃദ പ്രചാരണം ഉറപ്പാക്കും

* ആകെ പത്ത് ലക്ഷം പോളിങ് ബത്തുകൾ. എല്ലാ പോളിങ് സ്റ്റേഷനുകളിലും വോട്ടിങ് യന്ത്രമായ വിവിപാറ്റ് (VVPAT) ഉപയോഗിക്കും

* ആകെ 17.4 ലക്ഷം വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങൾ‌ ഉപയോഗിക്കും

* വോട്ടിങ് യന്ത്രങ്ങൾക്ക് ജി.പി.എസ് സംരക്ഷണം ഉറപ്പാക്കും

* വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനംഒരുക്കും

* വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രം ഉൾപ്പെടുത്തും

* സമുഹ മാധ്യമങ്ങളിലെ പരസ്യച്ചെലവ് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും

* പരീക്ഷാക്കാലം ഒഴിവാക്കിയാണ് തെരഞ്ഞെടുപ്പ് തീയതികൾ

* പുതിയ വോട്ടർ‌മാർക്കു സഹായത്തിനായി ടോൾഫ്രീ നമ്പറായ 1950 എന്ന നമ്പറിൽ വിളിക്കാം.

* വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

* ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾക്ക് പ്രത്യേക മാനദണ്ഡം

ക്രിമിനൽ കേസുകളുള്ള സ്ഥാനാർഥികൾ കേസിന്‍റെ വിവരങ്ങൾ ഉൾപ്പെടുത്തി പത്രപരസ്യം നൽകണം. വൈകിട്ട് അഞ്ചു മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിലായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാർത്താ സമ്മേളനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.

2014ല്‍ ഏപ്രില്‍ ഏഴ് മുതല്‍ മെയ് 12 വരെയുള്ള കാലയളവില്‍ ഒമ്പത് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 16നായിരുന്നു വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും അവസാനിക്കാന്‍ 72 ദിവസമാണ് എടുത്തത്. മൂന്ന് പതിറ്റാണ്ടിനിടെ ഒരു പാർട്ടി തനിച്ച് കേവല ഭൂരിപക്ഷം കരസ്ഥമാക്കിയെന്ന പ്രത്യേകതയുമായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയാണ് ഇന്ദ്രപ്രസ്ഥത്തിൽ അധികാരത്തിലേക്ക് കടന്നുവന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb