ഫേസ്ബുക്കില്‍ ഗുജറാത്തിനെ മറികടന്ന് കേരള ടൂറിസം

February 06, 2019

തിരുവനന്തപുരം: ഇരുപതുലക്ഷത്തിലേറെ ഫോളോവേഴ്സിനെ സ്വന്തമാക്കി കേരള ടൂറിസം വകുപ്പിന്‍റെ ഔദ്യോഗിക ഫെയിസ് ബുക്ക് പേജ്. ഗുജറാത്ത് ടൂറിസം, ഇന്‍ക്രഡിബിള്‍ ഇന്ത്യ പേജുകള്‍ ഉള്‍പ്പെട രാജ്യത്തെ മറ്റു ടൂറിസം വകുപ്പുകളുടെ പോര്‍ട്ടലുകളെ മറികടന്നാണ് കേരളത്തിന്‍റെ ഈ നേട്ടമെന്ന് ടൂറിസം വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഓണ്‍ലൈനില്‍ സാന്നിധ്യം തെളിയിച്ച ടൂറിസം വകുപ്പുകളില്‍ ആദ്യത്തേതിലൊന്നായ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ഫെയ്സ് ബുക്ക് പേജ് കേരളത്തിന്‍റെ വശ്യചാരുത അനാവരണം ചെയ്യുന്നതിനോടൊപ്പം സമഗ്ര വിവരങ്ങളാണ് പ്രദാനം ചെയ്യുന്നത്. നവീന ടൂറിസം ഉല്‍പ്പന്നങ്ങളും കേരളത്തെ അനുഭവേദ്യമാക്കുന്ന ഉത്തരവാദിത്ത വിനോദസഞ്ചാരവും ഗ്രാമീണ ജീവിതാനുഭവങ്ങളും ഈ പേജിലെ ദൈനംദിന അപ്ഡേറ്റുകളാണ്.

സാങ്കേതികവിദ്യകളോട് അഭിനിവേശമുള്ള ഈ കാലഘട്ടത്തില്‍ വികസനത്തോടൊപ്പം ചുവടുവയ്ക്കാന്‍ അതീവ ശ്രദ്ധയോടെ ജനങ്ങള്‍ സമൂഹമാധ്യമങ്ങളെ പിന്‍തുടരുകയാണെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്നുമാത്രമല്ല അമേരിക്ക, യുഎഇ, സൗദി അറേബ്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അംഗീകാരം കൂടിയാണ് ഈ നേട്ടം. വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ തനത് പ്രത്യേകതകളെ പ്രചരിപ്പിക്കാനായി ലൈക്കും ഷെയറും ചെയ്യുവാനും ഫോളോവേഴ്സിനോട് അദ്ദേഹം ആഹ്വാനം ചെയ്തു.

2014 ഓഗസ്റ്റിലാണ് @keralatourismofficial എന്ന ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ് പത്തുലക്ഷം ഫോളേവേഴ്സിനെ തികച്ചത്. എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും കേരളത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കിമാറ്റാനായി നടത്തിയ ദൗത്യങ്ങളുടെ ഫലമാണ് സമൂഹ മാധ്യമത്തിലെ ഈ മുന്നേറ്റം. സമൂഹ മാധ്യമം അതിര്‍ത്തികള്‍ കീഴടക്കാന്‍ സഹായകമായതായും കേരള ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐഎഎസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തിലെ പ്രളയത്തിനു ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരളം സജ്ജമായി എന്ന് ലോകത്തോട് അറിയിക്കുന്നതില്‍ ഫെയ്സ് ബുക്ക് പേജ് സുപ്രധാന പങ്കാണ് വഹിച്ചത്. അവിയലിനെക്കുറിച്ചുണ്ടായ വിവാദവും ലഭ്യമായ കൃത്യമായ തമാശ പ്രതികരണങ്ങളും നമ്മുടെ ഫെയ്സ് ബുക്ക് പേജിനെ വേറിട്ടുനിര്‍ത്തിയതായും അവര്‍ വ്യക്തമാക്കി.

ഗുജറാത്ത് ടൂറിസം, ഇന്‍ക്രഡിബിള്‍ ഇന്ത്യ പേജുകളേക്കാള്‍ കേരള ടൂറിസം പേജിന് മുഖ്യ സ്ഥാനമാണ് ലഭ്യമായിരിക്കുന്നതെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാലകിരണ്‍ ഐഎഎസ് പറഞ്ഞു. 2.4 ദശലക്ഷത്തിലധികം ലൈക്കുകള്‍ കേരള ടൂറിസത്തിനുളളപ്പോള്‍ 1.3 ദശലക്ഷത്തിലധികം ലൈക്കുകള്‍ ഗുജറാത്ത് ടൂറിസത്തിനും 1.2 ദശലക്ഷത്തിലധികം ലൈക്കുകള്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയ്ക്കും ലഭിച്ചിട്ടുണ്ട്. അറുപതുവയസ്സുകാരന്‍ ഫുട്ബോള്‍ കളിക്കുന്നതുള്‍പ്പെടെയുള്ള ആകര്‍ഷകമായ മികച്ച വീഡിയോകള്‍ പേജില്‍ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റു അന്താരാഷ്ട്ര പേജുകളുമായി താരതമ്യം ചെയ്യുമ്പോഴും കേരള ടൂറിസം പേജിന് മികച്ച സ്ഥാനമാണുള്ളത്. ടൂറിസം മലേഷ്യയ്ക്ക് 3.4 ദശലക്ഷവും വിസിറ്റിംഗ് സിങ്കപ്പുരിന് 3.1 ദശലക്ഷവും അമൈസിംഗ് തായ്ലന്‍ഡിന് 2.5 ദശലക്ഷവും ഫോളോവേഴ്സുണ്ട്. നാളിതുവരെ 2.4 ദശലക്ഷം ഫോളോവേഴ്സുമായി കേരള ടൂറിസം നാലാം സ്ഥാനത്തുണ്ട്.

ജമുകശ്മീരിന്‍റേയും ഗുജറാത്ത് ടൂറിസത്തിന്‍റേയും ഫെയ്സ് ബുക്ക് പേജുകളെ കടത്തിവെട്ടി ഫെയ്സ് ബുക്കിലെ വിനോദസഞ്ചാരികളേയും അവരുടെ പ്രതികരണത്തേയും ഷെയറുകളേയും മുന്‍നിര്‍ത്തിയുള്ള റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷം കേരള ടൂറിസം പ്രഥമസ്ഥാനത്തെത്തിയിരുന്നു. ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ശക്തമായ സാന്നിധ്യം കേരള ടൂറിസത്തിനുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓഫ്ലൈന്‍ ഡിജിറ്റല്‍ ആക്ടിവിറ്റിയായ കേരള ബ്ലോഗ് എക്സ്പ്രസും വിജയകരമായി നടത്തിവരുന്നുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb