ജേക്കബ് തോമസിനെതിരെ അഴിമതി കേസ്: വിജിലൻസ് കോടതിയിൽ എഫ്ഐആർ

April 12, 2019

തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതി കേസ്. വിജിലൻസ് കമ്മീഷൻ കോടതിയിൽ എഫ് ഐ ആർ സമര്‍പ്പിച്ചു. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്നാണ് വിജിലൻസ് എഫ്ഐആറില്‍ പറയുന്നത്.

ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതി ഉണ്ടെന്നാണ് കേസ്. ഡ്രെഡ്ജര്‍ വാങ്ങാന്‍ എട്ട് കോടിയാണ് അനുവദിച്ചതെങ്കിലും 19 കോടിക്കാണ് ഡ്രെഡ്ജര്‍ വാങ്ങിയത് എന്ന് എഫ് ഐ ആര്‍ പറയുന്നു. വിജിലൻസും ഹൈക്കോടതിയും പരിശോധിച്ച് തള്ളിയ ആരോപണത്തിലാണ് വീണ്ടും കേസ്.

ജേക്കബ് തോമസിന്‍റെ രാഷ്ട്രീയ പ്രവേശനം വാര്‍ത്തകളില്‍ ഇടം പിടിച്ചതിനു പിന്നാലെയാണ് പുതിയ കേസ്. കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസാണ്. എന്നാൽ 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്.

ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്ത വൃത്തങ്ങളിലുള്ളയാളായിരുന്നു ജേക്കബ് തോമസ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരായി ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് നേട്ടമായിരുന്നു. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിക്കാനുള്ള സുപ്രധാന നീക്കവും സർക്കാർ നടത്തി.

എന്നാൽ ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസിൽ ജേക്കബ് തോമസ് പിടിമുറുക്കിയതോടെ ഇടത് സർക്കാരിന്‍റെ മുഖം കറുത്തു. ജേക്കബ് തോമസ് സർക്കാറിന് അനഭിമതനായി. ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റി. പിന്നെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകൾ. ആദ്യ സസ്പെൻഷൻ ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്‍റെ പേരിൽ. അനുവാദമില്ലാതെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന പുസ്തകമെഴുതിയതിന്. മൂന്നാമത്തേതാകട്ടെ, സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയെത്തുടർന്നാണ് രണ്ടാമത്തെ സസ്പെൻഷന്‍.

ജേക്കബ് തോമസിന്‍റെ ആദ്യ സസ്പെൻഷൻ കഴിഞ്ഞ വർഷം ഡിസംബർ 20 -നായിരുന്നു. ഇത് കേന്ദ്രസർക്കാർ അംഗീകരിച്ചില്ല. സസ്പെൻഷൻ ഉത്തരവും അതിനുളള കാരണങ്ങളും കേന്ദ്രത്തെ സമയബന്ധമായി അറിയാക്കാത്തത് കൊണ്ടായിരുന്നു കേന്ദ്രസർക്കാർ‍ സസ്പെൻഷൻ അംഗീകരിക്കാതിരുന്നത്. ജേക്കബ് തോമസ് സർവ്വീസിലേക്ക് തിരിച്ചുവരാനിടയായപ്പോള്‍ സർക്കാരിന്‍റെ അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് വീണ്ടും ജേക്കബ് തോമസിനെ സസ്പെന്‍റ് ചെയ്തു. ഇടത് സർക്കാരുമായി ഇടഞ്ഞതുൾപ്പടെയുള്ള വിവാദവിഷയങ്ങൾ വിശദമായി എഴുതിയ പുസ്തകമായിരുന്നു 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ'.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb