ജനങ്ങൾക്ക് യുദ്ധം മതിയായി; ദക്ഷിണസുഡാൻ നേതാക്കളുടെ പാദം ചുംബിച്ച് മാർപാപ്പ

April 14, 2019

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ധ്യാനത്തിനെത്തിയ ദക്ഷിണസുഡാൻ നേതാക്കളുടെ പാദങ്ങളിൽ ചുംബിച്ച് ഫ്രാൻസിസ് മാർപാപ്പ. ദക്ഷിണസുഡാൻ പ്രസിഡന്‍റ് സൽവ കീർ, അദ്ദേഹത്തിന്‍റെ എതിരാളിയായിരുന്ന റെയ്ക് മച്ചാർ, മൂന്ന് വൈസ് പ്രസിഡന്‍റുമാർ എന്നിവരുടെ പാദങ്ങളിലാണ് മാർപാപ്പ അപ്രതീക്ഷിതമായി ചുംബിച്ചത്. കീറും മച്ചാറും തമ്മിലുള്ള സമാധാന ഉടമ്പടി ലംഘിക്കരുതെന്നും അടുത്തമാസം ഐക്യസർക്കാർ രൂപീകരിക്കണമെന്നും മാർപാപ്പ നിർദേശിച്ചു.

ഹൃദയം കൊണ്ട് അപേക്ഷിക്കുകയാണ്. പുതിയ വഴിയിൽ മുന്നോട്ട് പോകണം. പ്രശ്നങ്ങൾ പരിഹരിക്കണം. ജനങ്ങൾക്ക് ഈ യുദ്ധം മതിയായി എന്നും മാർപാപ്പ പറഞ്ഞു. ആഭ്യന്തര യുദ്ധത്തിൽ തകർന്ന തെക്കൻ സുഡാനിൽ താത്ക്കാലിക സമാധാന കരാറുണ്ടാക്കിയ നേതാക്കളെ വത്തിക്കാനിലേക്ക് ക്ഷണിച്ച് മാർപാപ്പ നേതൃത്വം നൽകിയ 24 മണിക്കൂർ പ്രാർഥനാ യോഗത്തിന് ശേഷമായിരുന്നു പാദചുംബനം നടത്തിയത്. 1994 ലെ റുവാണ്ടൻ വംശഹത്യയ്ക്ക് ശേഷം ആഫ്രിക്ക കണ്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു 2013 മുതൽ സുഡാനെ തകർത്ത ആഭ്യന്തരയുദ്ധവും കൊലയും കൂട്ടപലായനവും.

മുസ്ലീം ഭൂരിപക്ഷ സുഡാനിൽ നിന്ന് 2011 ൽ സ്വാതന്ത്യം നേടിയ ദക്ഷിണസുഡാനിലെ ഭൂരിഭാഗം ആളുകളും ക്രൈസ്തവരാണ്. പ്രസിഡന്‍റ് സൽവ കീറിന്‍റെ ഡെപ്യൂട്ടിയായിരുന്നു മച്ചാർ. ഇവരുടെ നേതൃത്വത്തിലുള്ള ഗോത്രങ്ങൾ തമ്മിൽ അഞ്ചുവർഷം നീണ്ട ആഭ്യന്തരയുദ്ധത്തിൽ ലക്ഷക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷമാണ് സമാധാന ഉടമ്പടി തയാറാക്കിയത്. ആംഗ്ലിക്കൻ സഭയുടെ പരമാധ്യക്ഷൻ കാന്‍റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ധ്യാനത്തിൽ സന്ദേശം നൽകി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb