കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; നാലുപേര്‍ അറസ്റ്റില്‍

April 14, 2019

തൃശൂർ: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ നാലുപേര്‍ അറസ്റ്റില്‍. തൃശൂര്‍ പറവട്ടാനി സ്വദേശി സന്തോഷ് (53), സന്തോഷിന്‍റെ മരുമകന്‍ രതീഷ്, ചണ്ഡീഗഡ് സ്വദേശി സുഖ്ജിത് സിങ് (32), പഞ്ചാബ് ലുധിയാന സ്വദേശി ശിവകുമാർ (38), എന്നിവരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്നായി 10,000 മുതൽ ആറ് ലക്ഷം വരെ ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതി. 30 പരാതികളാണ് നിലവിൽ പൊലീസിന് ലഭിച്ചിരിക്കുന്നത്. 50 ലക്ഷത്തോളം രൂപ ഇവർ നൽകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കെതിരെ കൂടുതൽ പരാതികൾ എത്തുന്നുണ്ട്. പറവട്ടാനിയിലെ കുറ്റൂക്കാരൻ ബിൽഡിങ്ങിൽ മാസ്കെയർ ഇന്‍റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്‍റെ പേരിലായിരുന്നു തട്ടിപ്പ്. വിസയുടെ ആവശ്യത്തിന് എത്തുന്നവരിൽ നിന്ന് രേഖകൾ വാങ്ങി ഐസിസി ബാങ്കിൽ അക്കൗണ്ട് എടുപ്പിച്ച് ഇതിന്‍റെ രേഖകളും എടിഎം കാർഡുൾപ്പെടെയും ഇവർ വാങ്ങിവച്ചിരുന്നു.

ഓഫീസിൽ നിന്നും അപേക്ഷിച്ച 20 പാസ്പോർട്ടുകളും പൊലീസ് പിടിച്ചെടുത്തു. സുഖ്ജിത് സിങ്ങും ശിവകുമാറും കാനഡ സ്വദേശികളെന്നാണ് വിസയുടെ ആവശ്യത്തിന് ഓഫീസില്‍ എത്തുന്നവരോട് പറഞ്ഞിരുന്നത്. തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള തട്ടിപ്പ് ഇവര്‍ നടത്തിയിതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറ‍ഞ്ഞു. മണ്ണുത്തി സിഐഎം ശശീന്ദ്രൻ പിള്ളയുടെ നേതൃത്വത്തിൽ എസ്ഐ പി എം രതീഷ്, എഎസ്ഐ രാധാകൃഷ്ണൻ, വേണുഗോപാൽ, വനിതാ സിപിഒ പ്രിയ, സിപിഒമാരായ രാജേഷ്, അനിൽകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb