കണ്ണൂരിൽ 10 ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; അച്ഛനും ഡിവൈഎഫ്ഐ നേതാവും കസ്റ്റഡിയിൽ

December 05, 2018

പറശ്ശിനിക്കടവ്: കണ്ണൂർ പറശ്ശിനിക്കടവിൽ പത്താംക്ലാസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളാണ് അറസ്റ്റിലായത്. കേസിൽ പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ നേതാവും ഉൾപ്പടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കേസിൽ 19 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഫേസ്ബുക്ക് വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ അഞ്ച് പേരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കണ്ണൂ‍ർ സ്വദേശികളായ കെ.വി.സന്ദീപ്, സി.പി. ഷംസുദ്ദീൻ, വി.സി. ഷബീർ, കെ.വി അയൂബ് എന്നിവരെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനും ലോഡ്ജുടമ കെ. പവിത്രനെ പ്രതികൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്ത കുറ്റത്തിനുമാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് നിഖിൽ തളിയിലും ഉൾപ്പടെ എട്ട് പേരെക്കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ലോഡ്ജിനു പുറമേ ചില വീടുകളിൽ വെച്ചും പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ പെൺകുട്ടിയുടെ അച്ഛനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഡിവൈഎഫ്ഐ ആന്തൂർ മേഖലാ കമ്മിറ്റി അംഗമായ നിഖിലും പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. ഇതേത്തുടർന്നാണ് പെൺകുട്ടിയുടെ അച്ഛനെയും ഡിവൈഎഫ്ഐ നേതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ബലാത്സംഗക്കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കുരുക്കിയത് ഫേസ്ബുക്കിലൂടെ

'അഞ്ജലി' എന്ന പേരിലുള്ള വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് പെൺകുട്ടിയെ പ്രതികൾ പരിചയപ്പെട്ടത്. ഇവരെ കാണാനാണ് പെൺകുട്ടി പറശ്ശിനിക്കടവിലെത്തിയത്. എന്നാൽ അവിടെ ഉണ്ടായിരുന്നത് പ്രതികളാണ്. മടങ്ങിപ്പോകാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും പ്രതികൾ ഭീഷണിപ്പെടുത്തി. തുടർന്ന് കെട്ടിയിട്ട് ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തറിയുന്നത്. പെൺകുട്ടികളെ ഇത്തരത്തിൽ കുരുക്കിലാക്കുന്ന ഒരു സംഘം ഇതിന് പിന്നിലുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb