അയോധ്യ കേസ് ഭരണഘടന ബെഞ്ചിലേക്ക്, കേസ് വ്യാഴാഴ്ച സുപ്രീം കോടതിയിൽ

January 08, 2019

ഡൽഹി: ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന അയോധ്യ കേസ് പരിഗണിക്കാൻ സുപ്രിം കോടതി പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. അഞ്ചം​ഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗൊ​ഗോയ് ആണ് ഇന്നു ഉത്തരവിറക്കിയത്. ചീഫ് ജസ്റ്റിസിന് പുറമെ, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, എൻ.വി രമണ, യു.യു ലളിത്, ഡി.വൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലുള്ളത്. കേസിൽ ജനുവരി 10ന് വാദം കേൾക്കൽ തീയതി പ്രഖ്യാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേസില്‍ എങ്ങനെ വാദം കേള്‍ക്കണം. അന്തിമവാദം എപ്പോഴാണ് തുടങ്ങുക തുടങ്ങിയ കാര്യങ്ങള്‍ പത്താം തീയതി പരിഗണിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ കേസില്‍ വിധി വരുമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ പത്താം തീയതി വ്യക്തത വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ, കേസ് അനന്തമായി നീളുന്നതിനാൽ രാമക്ഷേത്രം നിർമിക്കുന്നതിനായി ഓർഡിനൻസ് പുറത്തിറക്കണമെന്ന് ഹിന്ദു സംഘടനകളും ആർഎസ്എസും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി നടപടികൾ പൂർത്തിയായശേഷം സർക്കാർ അതിന്‍റെ ഉത്തരവാദിത്തം നിർവഹിക്കുമെന്നാണ് പ്രധാനമന്ത്രി മോദി നിലപാടെടുത്തത്. അതിനാൽ അയോധ്യ കേസിൽ വ്യാഴാഴ്ച സുപ്രീം കോടതി കൈക്കൊള്ളുന്ന തീരുമാനം ഇരുകൂട്ടർക്കും നിർണായകമാണ്.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് 2010 സെപ്റ്റംബറിൽ നൽകിയ വിധിക്കെതിരെയുള്ള 16 ഹർജികളാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. തർക്കം നിലനിൽക്കുന്ന അയോധ്യയിലെ 2.27 ഏക്കർ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക് മൂന്നായി വിഭജിക്കണം എന്നായിരുന്നു ഹൈക്കോടതി വിധിച്ചത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb