അയോധ്യയിൽ രാമക്ഷേത്രം നിർമിക്കും, തടയിടുന്നത് കോൺഗ്രസ്: അമിത് ഷാ

January 11, 2019

ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. എൻഡിഎ സർക്കാർ തന്നെ രാമക്ഷേത്രം നിർമിക്കും. അയോധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നത് എവിടെയാണോ അവിടെത്തന്നെ പുതിയ ക്ഷേത്രവും നിർ‌മിക്കുമെന്നും ഡൽഹിയിൽ നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവിന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ അമിത് ഷാ പറഞ്ഞു.

പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ചയില്ല. ഭരണഘടനയ്ക്കുള്ളില്‍ നിന്നു ക്ഷേത്രം ഉടന്‍ നിര്‍മിക്കും. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ക്ഷേത്രനിര്‍മാണത്തിന് തടയിടുന്നത് കോണ്‍ഗ്രസ‌ാണ്. കോടതിയിലെ കേസ് വേഗത്തിൽ തീർക്കാൻ കോൺഗ്രസ് സമ്മതിക്കുന്നില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെക്കുറിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. മുന്നാക്ക സംവരണ ബില്ലും പട്ടിക ജാതി- പട്ടിക വർഗ നിയമ ഭേദഗതിയും അടക്കമുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി 'സബ്കാ സാഥ്, സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയർത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്തെല്ലാം തന്ത്രങ്ങൾ സ്വീകരിക്കണം, ഏതെല്ലാം കേന്ദ്രസർക്കാർ പദ്ധതികൾ പ്രധാന പ്രചാരണ വിഷയങ്ങളാക്കണം എന്നതും എക്സിക്യൂട്ടീവിൽ ചർച്ചയാകും.

12,000ത്തോളം അംഗങ്ങളാണ് എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇതു ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്സിക്യൂട്ടീവ് യോഗമാണ്. പാർട്ടി അധ്യക്ഷൻ അമിത് ഷായാണ് ഉദ്ഘാടന പ്രസംഗം നടത്തിയത്. ശനിയാഴ്ച വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്‍റെ സമാപന പ്രസംഗം നടത്തും.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb