അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് പൊതുജനം

November 17, 2018

കോട്ടയം: ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ പൊതുജനം വലഞ്ഞു. പുലർച്ചെ 1.30 ഓടെയാണ് ശശികലയെ മരക്കൂട്ടത്തു വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ പുലർച്ചെ അഞ്ചോടെയാണ് ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ഹർത്താലിന് ആഹ്വാനം ചെയ്തു. പിന്നീട് ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് പലരും ഹർത്താലാണെന്ന വാർത്തയറിയുന്നത്. അപ്രതീക്ഷിത ഹർത്താലായതിനാൽ ആർക്കും മുന്നൊരുക്കങ്ങൾ ഒന്നും നടത്താൻ കഴിയാതെ വന്നതോടെ പൊതുജനം വലഞ്ഞു. പുലർച്ചെ റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവരും വാഹനം കിട്ടാതെ വലഞ്ഞു. പലരും ഹർത്താൽ വിവരം അറിയാതെ ജോലിക്കും മറ്റു യാത്രകൾക്കുമായി റോഡിൽ ബസ് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ഹർത്താൽ വിവരം വൈകിയാണ് അറിയുന്നത്.

അതിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഇതോടെ തലസ്ഥാനത്ത് കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു. കോഴിക്കോട്ടും ദീർഘദൂര ബസുകൾ ഉൾപ്പടെ പ്രതിഷേധക്കാർ തടഞ്ഞു. വെള്ളിയാഴ്ച രാത്രി സർവീസ് തുടങ്ങിയ അന്തർസംസ്ഥാന ബസ് സർവീസുകൾ ഉൾപ്പടെയാണ് തടഞ്ഞത്. ഇത് യാത്രക്കാരെ വലച്ചു. വടക്കൻ ജില്ലകളുടെ വിവിധ മേഖലകളിൽ വാഹനം തടയുന്ന സ്ഥിതിയുണ്ടായി. കൊല്ലം-തേനി ദേശീയപാതയിൽ പൊൻകുന്നത്ത് ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.

അതേസമയം ശബരിമല തീർഥാടകർക്കായി കെഎസ്ആർടിസി നടത്തുന്ന സർവീസുകൾ മുടക്കമില്ലാതെ തുടരുന്നുണ്ട്. മറ്റ് ജില്ലകളിൽ നിന്നുള്ള സർവീസുകൾ ഹർത്താൽ അനുകുലികൾ തടയുമോ എന്ന് വ്യക്തമായ ശേഷമേ സർവീസ് തുടങ്ങു.

എന്നാൽ എരുമേലി, പന്പ, നിലയ്ക്കൽ എന്നിവടങ്ങളിൽ നിന്നുള്ള സർവീസുകളെല്ലാം കൃത്യമായി നടക്കുന്നുണ്ട്. അതിനാൽ ശബരിമല പാതയിലുള്ള അയ്യപ്പഭക്തരെ ഹർത്താൽ ബാധിച്ചിട്ടില്ല. പക്ഷേ, റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തുന്നവരുടെ യാത്ര ഇന്ന് മുടങ്ങാൻ സാധ്യതയുണ്ട്.

ഹർത്താലിൽ സംസ്ഥാനത്തെ കടകന്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ വാഹനങ്ങൾ പല സ്ഥലങ്ങളിലും നിരത്തിലുണ്ട്. പലയിടത്തും വാഹനം തടയുന്നുണ്ടെങ്കിലും പോലീസ് ഇടപെട്ട് പ്രശ്നങ്ങൾ ഒഴിവാക്കുന്നുണ്ട്. ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തുടനീളം പോലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb