ഗ്രേറ്റർ സ്പ്രിങ്ഫീൽഡ് ഇന്ത്യൻ അസോസിയേഷൻ ‘ഗർബ-ദാണ്ടിയ നൈറ്റ് ‘ സംഘടിപ്പിച്ചു

ബ്രിസ്‌ബെയ്ൻ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബ്രിസ്‌ബെയ്നിലെ ഇന്ത്യൻ സമൂഹം ഒത്തുചേർന്ന ‘ഗർബ/ദാണ്ടിയ നൈറ്റ്’ റോബെല്ല ഡൊമെയ്‌നിൽ അവിസ്മരണീയമായി. ഗ്രേറ്റർ സ്പ്രിങ്ഫീൽഡ് ഇന്ത്യൻ അസോസിയേഷൻ (GSIA) സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നൃത്തച്ചുവടുകളുമായി അണിനിരന്നു.
സെപ്റ്റംബർ 27ന് റോബെല്ല ഡൊമെയ്‌നിലാണ് നവരാത്രി ആഘോഷം നടന്നത്. പരമ്പരാഗത വേഷഭൂഷണങ്ങളണിഞ്ഞ ഇന്ത്യൻ-ഓസ്ട്രേലിയൻ കുടുംബങ്ങൾ വട്ടത്തിൽ കറങ്ങി നൃത്തം ചെയ്ത് ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ കാഴ്ചകൾക്ക് വേദിയൊരുക്കി.
പരിപാടിക്ക് മാറ്റുകൂട്ടി നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു. ഇപ്‌സ്‌വിച്ച് സിറ്റി കൗൺസിലർ പൈ അഗസ്റ്റിൻ, കാരിസ് മുള്ളൻ എംപി, ഷെയ്ൻ ന്യൂമാൻ എംപി, വെൻഡി ബോൺ എംപിഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. വേദിക്കരികിൽ സ്ഥാപിച്ച ദുർഗ്ഗാ ദേവിയുടെ ചിത്രത്തിനു മുന്നിൽ പൂജ അർപ്പിച്ച ശേഷമാണ് കൂട്ടനൃത്തം ആരംഭിച്ചത്. ഉദ്ഘാടനത്തിന് അതിഥികളെ സ്വീകരിച്ചത് മലയാളി ആൺകുട്ടികളുടെ ചെണ്ടമേളത്തോടു കൂടിയായിരുന്നു. ചെണ്ടമേളത്തിനുശേഷം സ്ത്രീകളും പുരുഷന്മാരും വലിയ ഡ്രം ഉപയോഗിച്ചുള്ള മേളവും അവതരിപ്പിച്ചു.
കയ്യിൽ ചെറിയ ദണ്ഡുകൾ (വടികൾ) പിടിച്ച് വട്ടത്തിൽ കറങ്ങി നൃത്തം ചെയ്യുന്ന ദാണ്ടിയയയും കയ്യടിച്ച് ആവേശഭരിതമാക്കുന്ന ഗർബ നൃത്തങ്ങളും മൈതാനത്തെ ആകെ ഉണർത്തി. കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത ഈ നൃത്തം കാണികളിലും നൃത്തം ചെയ്തവരിലും ഒരുപോലെ സന്തോഷകരമായ അനുഭൂതി നിറച്ചു.
നൃത്തത്തിന്റെ ആവേശത്തിനൊപ്പം രുചിയേറിയ ഇന്ത്യൻ വിഭവങ്ങളും ഒരുക്കിയിരുന്നു. സ്റ്റാളുകളിൽ ചാറ്റ്, പാവ്ഭാജി, മിഠായികൾ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ ആഘോഷത്തിന്റെ മധുരം കൂട്ടി. രാത്രി വളരെ വൈകിയാണ് നവരാത്രി ആഘോഷം അവസാനിച്ചത്.



