സ്ലീപ് ആപ്‌നിയ ഭീകരനോ? നിങ്ങളെ മാത്രമല്ല, ഒരു രാജ്യത്തെ കൂടി ബാധിക്കും

April 12, 2019

സമയത്തിന് ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ നിരവധിപേരുണ്ട് നമുക്കിടയില്‍. രാത്രികാലങ്ങളിൽ നേരം വൈകിയിട്ടും ഉറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവരുടെ അവസ്ഥ കഷ്ടമാണ്. മാത്രമല്ല, രാത്രി ഉറങ്ങാതെയിരുന്നാല്‍ അടുത്ത ദിവസത്തെ ദൈനംദിന കാര്യങ്ങളെയും ജോലിയെയും ബാധിക്കുകയും ചെയ്യും. ഇവയെല്ലാം ഒരു വ്യക്തിയെയോ ഒരു സമൂഹത്തെയോ മാത്രമല്ല ബാധിക്കുന്നത് മറിച്ച് ഒരു രാജ്യത്തേയാണ് എന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം.

എന്നാൽ വിശ്വസിച്ചേ മതിയാകൂ. ജനങ്ങളുടെ ഉറക്കമില്ലായ്മ കാരണം ഓസ്ട്രേലിയൻ സർക്കാരിന് കഴിഞ്ഞ സാമ്പത്തിക വർഷം ചെലവായത് 32 ലക്ഷം കോടി രൂപ. ഉറക്കമില്ലായ്മയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി ചിലവഴിച്ച 21 ലക്ഷം കോടി രൂപ ഇതിൽ ഉൾപ്പെടും. കണക്കുകൾ പ്രകാരം 2016-17 കാലഘട്ടത്തിൽ ഉറക്കമില്ലായ്മ കാരണം 3000 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 10% ഉറക്കക്ഷീണം മൂലമുണ്ടായ കാറപകടങ്ങളാണ്. ബാക്കി വരുന്ന ബഹുഭൂരിപക്ഷം കേസുകളും സ്ലീപ് ആപ്‌നിയ എന്ന അവസ്‌ഥ കാരണമുണ്ടായതാണ്.

എന്താണ് സ്ലീപ് ആപ്‌നിയ?
ഉറക്കത്തിനിടയിൽ താൽക്കാലിക ശ്വാസത്തടസ്സം അനുഭവപ്പെടുന്ന അവസ്‌ഥയാണ്‌ സ്ലീപ് ആപ്‌നിയ. മെൽബണിലെ ഒരു വ്യക്തി വീട്ടുകാർക്ക് തോന്നിയ സംശയത്തിന്റെ പേരിൽ സ്ലീപ് ടെസ്റ്റിന് വിധേയനായി. ഒരു മണിക്കൂർ നീണ്ട ടെസ്റ്റിൽ 101 തവണയാണ് ശ്വാസം വലിക്കാതെ അയാൾ ഉറങ്ങിയത്. ശേഷം ചെറിയൊരു ശസ്‌ത്രക്രിയക്ക് വിധേയനാവുകയും സ്ലീപ്പ് ആപ്‌നിയ മാസ്‌ക് ഉപയോഗം ആരംഭിക്കുകയും ചെയ്തു. സ്ലീപ് ആപ്‌നിയ എന്ന അവസ്‌ഥ കാരണം ഉറക്കത്തിൽ തന്നെ മരണപ്പെട്ടവർ രാജ്യത്തെറെയാണ്.

ഉറക്കമില്ലായ്മ മാരകമായ മറ്റു രോഗങ്ങളിലേക്ക് മനുഷ്യനെ ചെന്നെത്തിക്കുമെന്ന് മെഡിക്കൽ സ്‌പെഷ്യലിസ്റ്റ് ഡോ. ഡാരൻ മൻസ്ഫീൽഡ് പറയുന്നു. ഏഴ് മുതൽ 9 മണിക്കൂർ ഉറക്കം കൃത്യമായി ലഭിക്കാത്ത വ്യക്തികൾക്ക് ഹൃദ്രോഗം, വിഷാദം, ഉത്കണ്ഠ, മറ്റ് മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും, കൂടുതൽ ജോലിസമയവുമൊക്കെയാണ് പ്രധാനമായും ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നത്. ട്രാൻസ്‌പോർട്ട് പോലുള്ള മേഖലകളിൽ ഉറക്കപ്രശ്നം അനുഭവിക്കുന്നവർ ജോലി ചെയ്യുന്നത് മറ്റുള്ളവർക്ക് കൂടി അപകടം ഉളവാക്കുന്ന ഒന്നാണ്. രാത്രി ഷിഫ്റ്റുകളും ഇവിടെ പ്രധാന വില്ലനാകുന്നു. ഇതിനെതിരായി സർക്കാരിന് പുതുക്കിയ ജോലിസമയം അടങ്ങുന്ന ശുപാർശ സമർപ്പിച്ചെന്ന് മൻസ്ഫീൽഡ് പറഞ്ഞു.

പുതിയ പഠനങ്ങൾ പ്രകാരം ഓസ്‌ട്രേലിയയിൽ 10ൽ 4 പേർ ഉറക്കമില്ലായ്മയുടെ പ്രശ്നങ്ങൾ നേരിടുന്നു. ഇതുമായി ബന്ധപ്പെട്ട് സർക്കാറിന്റെ ഉറക്ക സ്വാസ്ത്യ ബോധവൽക്കരണ സംഘം ഈ പ്രശ്നത്തെ ദേശീയ പ്രാധാന്യം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ ഉറക്ക പ്രശ്‌നങ്ങൾ പരിഹരിക്കുന്ന സേവനകേന്ദ്രങ്ങളും ഉപകരണങ്ങളും റിബേറ്റുകൾ ഇല്ലാതെ ആണ് ലഭ്യമാകുന്നത്. ഇത് പരിഹരിക്കാൻ ഗവേഷണത്തിനും ചികിത്സയ്ക്കുമായി ധനശേഖരണവും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യായാമത്തിനും ഡയറ്റിനും ശേഷം ഉറക്കത്തെ ആരോഗ്യത്തിന്റെ മൂന്നാമത്തെ സ്തംഭമാക്കി മാറ്റുമെന്നും കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb