വന്ധ്യത ചികത്സിച്ച ഡോക്റ്റർ ബീജദാതാവായി, 49 കുട്ടികളുടെ പിതാവുമായി

April 13, 2019

റോട്ടർഡാം: വന്ധ്യത ചികിത്സയിൽ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ബീജ ദാതാവിൻ്റെ വിവരങ്ങൾ മാതാപിതാക്കൾക്ക് നൽകുക എന്നുള്ളത്. ഡച്ചുകാരനായ ഡോക്‌ടർ ജൻ കർബാത് തൻ്റെ എല്ലാ രോഗികൾക്കും ആ വിവരങ്ങൾ നൽകുകയും ചെയ്തു. പക്ഷെ അതെല്ലാം വ്യാജമായിരുന്നു എന്ന് മാത്രമല്ല സാക്ഷാൽ ഡോക്‌ടർ തന്നെ ബീജദാതാവാവുകയായിരുന്നു. ചികിത്സയുടെ സ്വഭാവമനുസരിച്ച് ഇവയെല്ലാം രഹസ്യമായി നിലനിൽക്കുമെന്ന് കർബാത് കരുതിയിട്ടുണ്ടാകാം. എന്നാൽ സത്യം മറനീക്കി ഒരിക്കൽ പുറത്തുവരുമെന്ന് പാവം ഡോക്ടർ അറിഞ്ഞില്ല. ചികിത്സയ്ക്ക് വിധേയരായ ദമ്പതികളുടെ കുട്ടിക്ക് ഡോക്‌ടർ കർബാതിൻ്റെ രൂപസാദൃശ്യമുണ്ടായത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് രഹസ്യങ്ങൾ ചുരുളഴിഞ്ഞു തുടങ്ങിയത്.

വന്ധ്യത ചികിത്സയിലെ അഗ്രഗണ്യൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഡോക്ടറിന് ബീജദാതാക്കളുടെ വ്യാജവിവരങ്ങൾ നൽകിയതിൻ്റെ പേരിലും ബീജദാന നിയമം ലംഘിച്ചതിൻ്റെ പേരിലും 2009ൽ തൻ്റെ ക്ലിനിക്ക് പൂട്ടേണ്ടിവന്നു. ഡോക്‌ടറുടെ ചികിത്സയ്ക്ക് വിധേയരായ ദമ്പതിമാരും അവരുടെ 49 കുട്ടികളും അടങ്ങുന്ന സംഘമാണ് ഡോക്‌ടർക്കെതിരെ കോടതിയിൽ കേസ് നൽകിയത്. 2017ൽ കോടതിയിൽ ഹാജരായ ജൻ കാർബതിനെ ഡി.എൻ.എ. ടെസ്റ്റിന് ഹാജരാകാൻ ഉത്തരവിടുകയും 49 കുട്ടികളുടെ പിതാവ് ജൻ കർബാത്ത് ആണെന്ന് തെളിയുകയും ചെയ്തു.

സംശയങ്ങൾക്കും ആശങ്കകൾക്കും വിരാമമായിയെന്ന് കുട്ടികളും മാതാപിതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. 89 വയസ്സുകാരനായ ഡോക്ടർ 2 വർഷം മുൻപാണ് മരിച്ചത്. നെതർലാണ്ടിലെ ബീജദാന നിയമപ്രകാരം ഒരു ദാതാവിന് 6 കുട്ടികൾക്ക് മാത്രമേ ബീജം ദാനം ചെയ്യാൻ പാടുള്ളു. എന്നാൽ ഡോക്ടർ ജൻ കാർബത്ത് ഇവിടെ ഗുരുതരമായ നിയമലംഘനമായിരുന്നു നടത്തിയത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb