പ്രമേഹ രോഗം നിയന്ത്രിക്കാന്‍ വൈറ്റമിന്‍ C ഗുളികകള്‍ സഹായിക്കുമെന്ന് പുതിയ പഠനം

February 11, 2019

ടൈപ്പ് 2 പ്രമേഹുള്ളവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും രോഗ ലക്ഷണങ്ങളും നിയന്ത്രിക്കാന്‍ വൈറ്റമിന്‍ സി ഗുളികകള്‍ സഹായിക്കുമെന്ന് പുതിയ പഠനം. വിക്ടോറിയയിലെ ഡീക്കിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഡയബറ്റിസ്, ഒബീസിറ്റി ആന്റ് മെറ്റബോളിസം എന്ന പ്രസിദ്ധീകരണത്തിലാണ് ഡീക്കിന്‍ യൂണിവേഴ്‌സിറ്റിയുടെ ഈ പഠനം പ്രസിദ്ധീകരിച്ചത്.

ദിവസവും 500 മില്ലിഗ്രാമിന്റെ രണ്ടു വൈറ്റമിന്‍ സി ഗുളികകള്‍ വീതം കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് അമിതമായി ഉയരുന്നത് തടയാന്‍ സഹായിക്കും എന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നതും ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയും.

ഡീക്കിന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പങ്കെടുത്ത പ്രമേഹ രോഗികളില്‍ ഈ മാറ്റം വ്യക്തമായി കാണാന്‍ കഴിഞ്ഞുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ അസോസിയേറ്റ് പ്രൊഫസര്‍ ഗ്ലെന്‍ വാഡ്‌ലി പറഞ്ഞു.

ഭക്ഷണശേഷം പഞ്ചസാരയുടെ അളവ് കൂടുന്ന പ്രവണതയില്‍ 36 ശതമാനം വരെയാണ് വൈറ്റമിന്‍ സി ഗുളിക കഴിക്കുന്നവരില്‍ കുറവ് കണ്ടെത്തിയത്. സാധാരണ ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിന്‍ സിയെക്കാള്‍ പത്തു മടങ്ങ് അധികം വൈറ്റമിനാണ് ഈ ഗവേഷണത്തില്‍ പങ്കെടുത്ത പ്രമേഹരോഗികള്‍ക്ക് നല്‍കിയത്. വൈറ്റമിന്‍ സിയിലുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നതെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

മറ്റു ചികിത്സാ രീതികള്‍ക്കൊപ്പം വൈറ്റമിന്‍ സി ഗുളികകള്‍ കൂടി ഉപയോഗിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന് പ്രൊഫസര്‍ വാഡ്‌ലി പറഞ്ഞു. പ്രമേഹം മാത്രമല്ല, ഗവേഷണത്തില്‍ പങ്കെടുത്തവരുടെ അമിത രക്തസമ്മര്‍ദ്ദം നിയന്ത്രിച്ചു നിര്‍ത്താനും ഇതിലൂടെ കഴിഞ്ഞെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb